കൊടിമരം തകർത്തതായി പരാതി
1394766
Thursday, February 22, 2024 11:38 PM IST
മാന്നാർ: ബുധനൂർ പഞ്ചായത്തിൽ രാഷ്ട്രീയ ജനതാദളിന്റെ കൊടിമരങ്ങൾ വ്യാപകമായി തകർത്തതായി പരാതി. സംഭവത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) ബുധനൂർ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. എണ്ണയ്ക്കാട് പഞ്ചായത്ത് ഓഫീസിനു സമീപവും അഞ്ചാം വാർഡിൽ എറിയാട്ട് താഴെ ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന കൊടിമരങ്ങളാണ് തകർത്തിരിക്കുന്നത്. രാത്രിയിൽ കൊടിമരച്ചുവട്ടിൽ തീകത്തിച്ച ശേഷം തകർത്ത നിലയിലാണ് കാണുന്നത്. മാന്നാർ പോലീസിൽ പരാതി നല്കി. സമാധാനാന്തരീക്ഷം തകർക്കാൻ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ നടത്തുന്ന ഇത്തരം ഹീനമായ പ്രവർത്തനങ്ങളിൽ യോഗം പ്രതിഷേധിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധന ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ സെക്രട്ടറി ടി. സോമരാജൻ, എം.ആർ. രതീഷ്, പ്രസന്നൻ പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. സംഭവത്തിൽ ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ, ജില്ലാ വൈസ് - പ്രസിഡന്റ് ആർ. പ്രസന്നൻ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് എന്നിവർ പ്രതിഷേധിച്ചു.