തീരമേഖലയില്‍ സാമ്പത്തിക മുന്നേറ്റം ലക്ഷ്യം: മന്ത്രി സജി ചെറിയാന്
1392147
Sunday, February 11, 2024 11:24 PM IST
ആലപ്പുഴ: തൊഴില്‍തീരം പദ്ധതിയിലൂടെ കേരളത്തിന്റെ തീര മേഖലയില്‍ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്. അമ്പലപ്പുഴ മണ്ഡലത്തില്‍ തീരദേശ റോഡിനായി ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്കിയ തോട്ടപ്പള്ളി ഹാര്‍ബര്‍ റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരമേഖലയിലെ ഒരു വീട്ടില്‍ ഒരാള്‍ക്കു വീതമെങ്കിലും മത്സ്യബന്ധന ഇതര മേഖലകളില്‍ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായാണ് തൊഴില്‍തീരം പദ്ധതി ആവിഷ്കരിച്ചത്. വിദേശരാജ്യങ്ങളിലേക്ക് മത്സ്യ വിഭവങ്ങള്‍ കയറ്റി വിടുന്ന പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചു.
ഇതിനോടകം മൂന്നു കോടി രൂപയുടെ ഉത്പന്നങ്ങള്‍ സംസ്ഥാനത്തുനിന്നു ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കയറ്റുമതി ചെയ്തു. മത്സ്യ ഉത്പാദന രംഗത്ത് ഇന്ത്യയില്‍ തന്നെ രണ്ടാം സ്ഥാനത്ത് കേരളത്തെ എത്തിക്കാനായത് വലിയ നേട്ടമാണ്. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
മാറ്റങ്ങളുടെയും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വേലിയേറ്റമാണ് കഴിഞ്ഞ ഏഴര വര്‍ഷമായി സംസ്ഥാനത്തുണ്ടായത്. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ജില്ലകളിലെ 71 നിയോജകമണ്ഡലങ്ങളിലായി 458 റോഡ് പ്രവര്‍ത്തികള്‍ക്ക് 251 കോടി രൂപയുടെ ഭരണാനുമതി നല്കി.
ഇതില്‍ 192 റോഡുകള്‍ പൂര്‍ത്തീകരിക്കുകയും 142 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലുമാണ്- മന്ത്രി പറഞ്ഞു.
പുറക്കാട് ഗ്രാമപഞ്ചായത്തിലെ ദേശീയ പാത മുതല്‍ തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ വരെയുള്ള റോഡാണ് 1.5 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ചത്. എട്ടു ജില്ലകളിലായി പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച 44 റോഡുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു
തോട്ടപ്പള്ളി ഹാര്‍ബര്‍ റോഡിനു സമീപം നടന്ന സമ്മേളനത്തിൽ എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന്, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പ്രിയ അജേഷ്, കെ. രാജീവന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആര്. രാജി, സതി രമേശ്, പഞ്ചായത്തംഗങ്ങളായ ആര്. സുനി, രാജേശ്വരി കൃഷ്ണന്, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ എ. ഓമനക്കുട്ടന്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഓവര്‍സിയര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.