എഎസ്ഐയെ കൈയേറ്റം ചെയ്ത സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിടിയില്‍
1374560
Thursday, November 30, 2023 1:00 AM IST
ചേര്‍ത്തല: വാഹനപരിശോധനക്കിടെ എഎസ്ഐയെ കൈയേ റ്റം ചെയ്തെന്ന കേസില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റടക്കം രണ്ടുപേരെ കോടതി റിമാന്‍ഡുചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. അക്രമത്തിനും പോലീസിന്റെ ജോലി തടസപെടുത്തിയതിനുമാണ് കേസെടുത്തത്. സംഭവത്തില്‍ ഏരിയാ പ്രസിഡന്റ് നഗരസഭ 27-ാം വാര്‍ഡ് അതുല്‍ രാധാകൃഷ്ണനെ (20) സംഭവ സ്ഥലത്തു വച്ചുതന്നെ പിടികൂടിയിരുന്നു.
മൂന്നുപേരാണ് ഉണ്ടായിരുന്നത് രണ്ടുപേര്‍ ഓടി രക്ഷപെട്ടിരുന്നു. ഇതില്‍ എസ്എഫ്ഐ ഏരിയാ കമ്മിറ്റിയംഗം പള്ളിപ്പുറം പടനിലത്ത് പ്രണവ് പ്രകാശിനെ (21) ബുധനാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. സംഭവത്തിലുള്‍പെട്ട മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. വൈകിട്ടോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്ചെയ്തത്. സംഭവത്തില്‍ കേസ് ഒഴിവാക്കാനും മയപെടുത്താനും ശക്തമായ ഇടപെടലുകള്‍ ഉണ്ടായതായാണ് വിവരം.
എന്നാല്‍, പോലീസില്‍ സേനയില്‍ നിന്നു വിമര്‍ശനമുയരുകയും ജില്ലാ പോലീസ് മേധാവിയടക്കം ശക്തമായ നിലപാടുകളെടുത്തതോടെയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തതെന്നാണ് വിവരം.