അന്നത്തിൽ മിന്നി ആയിഷ, ഒടുവിൽ മികച്ച നടനുള്ള അവാര്‍ഡും
1374248
Wednesday, November 29, 2023 12:22 AM IST
ചേര്‍ത്തല: പതിവുതെറ്റിച്ചില്ല, തുടര്‍ച്ചയായി 15-ാം വര്‍ഷവും ഹൈസ്കൂള്‍ വിഭാഗം അറബിനാടകത്തിനുള്ള ഒന്നാം സമ്മാനം നൂറനാട് സിബിഎം എച്ച്എസ് കൊണ്ടുപോയി. ‘അന്നം’ എന്ന് പേരിട്ട നാടകത്തില്‍ ഭക്ഷണം വെറുതെ പാഴാക്കിക്കളയുന്നവര്ക്കുള്ള മുന്നറിയിപ്പായിരുന്നു ഇതിവൃത്തം.
ഇതേ സ്കൂളിലെ അറബി അധ്യാപകനായ സുഹൈല്‍ അസീസ് ആണ് നാടകം സംവിധാനം ചെയത്. തുടര്‍ച്ചായി 15-ാം തവണയാണ് സുഹൈല്‍ അസീസിന്റെ നാടകം ഒന്നാമതെത്തുന്നത്. ഈ നാടകത്തില്‍ വിവാഹബ്രോക്കറായി ആണ്‍കുട്ടിയുടെ വേഷം അഭിനയിച്ച ആയിഷ അലി മികച്ച നടനായി.
പെണ്‍കുട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നത് കലോത്സവവേദിയില്‍ ചുരുക്കം. അല്‍ ഫാത്തിമ, അസ്മിയ, സജന, സിനാന്, പാര്ഥന്, നഫ്സിയ, സഫാന, റസല്‍, ഫാസില എന്നിവരും നാടകത്തില്‍ വേഷമിട്ടു. 2011 ല്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ നൂറനാട് സിബിഎം എച്ച്എസ് ജേതാക്കളായിട്ടുണ്ട്.