ബുധനൂരിലും തട്ടിപ്പെന്നു പരാതി; പ്രതിഷേധവുമായി നിക്ഷേപകർ
1374246
Wednesday, November 29, 2023 12:13 AM IST
മാന്നാർ: ബുധനൂർ സർവീസ് സഹകരണ ബാങ്കിലും ക്രമക്കേടെന്നു പരാതി. ബാങ്കിനു മുന്നിൽ പ്രതിഷേധവുമായി നിക്ഷേപകർ എത്തി. കഴിഞ്ഞ ദിവസം ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ തിരികെ ലഭിച്ചില്ലത്രേ. ബുധനൂർ വൈക്കത്തുവീട്ടിൽ സുനിതാ രമേശാണ് പണയം തിരികെയെടുക്കാൻ ചെന്നപ്പോൾ ബാങ്ക് അധികൃതർ തിരിച്ചയച്ചത്.
ഈ സ്വർണം ബാങ്കിൽ ഇല്ലെന്ന് മനസിലാക്കിയ ഇവർ പരാതി നൽകിയതോടെയാണ് തിരിമറി പുറത്തായത്. ഇതേത്തുടർന്നാണ് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയ ആളുകൾ പണം ആവശ്യപ്പെട്ട് ഇവിടെയെത്തിയത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്ത സംഭവം ഉണ്ടായതോടെ നിക്ഷേപകർ ഒന്നടങ്കം ബാങ്കിൽ എത്തി പ്രതിഷേധിച്ചു.
പണയം വച്ച സ്വർണം തിങ്കളാഴ്ച നൽകാമെന്ന് സെക്രട്ടറി പറഞ്ഞതനുസരിച്ച് എത്തിയ വീട്ടമ്മയ്ക്ക് നൽകിയ സ്വർണം തന്റേതല്ലെന്ന് വീട്ടമ്മ പറഞ്ഞു.ഇതോടെ യുവതിയുടെ സ്വർണത്തിന്റെ തൂക്കത്തിലുള്ള പുതിയ സ്വർണം എടുത്തതിനുശേഷം ബാക്കി തുക ബാങ്കിൽ അടച്ചാൽ മതിയെന്ന് അധികൃതർ പറഞ്ഞു.
ഇത് പുറംലോകം അറിഞ്ഞതോടെ ഏകദേശം രണ്ടു കോടിയോളം രൂപയുടെ നിക്ഷേപകർ ബാങ്കിന് മുന്നിൽ തടിച്ചുകൂടി. കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായ സ്ഥിരനിക്ഷേപം പോലും തിരികെ കൊടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.
തങ്ങൾ നിക്ഷേപിച്ച പണവും സ്വർണവും തിരികെ ലഭിക്കാതെ ബാങ്കിന് മുന്നിൽനിന്നു പോകില്ലെന്ന് നിക്ഷേപകർ പറഞ്ഞു. തുടർന്ന് മാന്നാർ പോലീസ് എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും നിക്ഷേപകർ പ്രതിഷേധം തുടർന്നു. നിക്ഷേപകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി രംഗത്തുവന്നത് പ്രശ്നങ്ങൾ രൂക്ഷമാക്കി. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാർ സ്ഥലത്തെത്തി.
കരുവന്നൂർ, കണ്ടല തുടങ്ങി കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പിനോടൊപ്പം ബുധനൂർ സഹകരണ ബാങ്കും തട്ടിപ്പിന്റെ ഒരു കേന്ദ്രമായി മാറിയെന്ന് ഗോപകുമാർ ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ഇവിടെയുള്ളത്.