കർഷകരുടെ പരാജയത്തിന് ഉത്തരവാദി പിണറായി സർക്കാർ: വി.എം. സുധീരൻ
1374244
Wednesday, November 29, 2023 12:13 AM IST
മങ്കൊമ്പ്: സമീപകാലത്ത് ആത്മഹത്യ ചെയ്ത കർഷകരായ തകഴിയിലെ പ്രസാദ്, അമ്പലപ്പുഴയിലെ രാജപ്പൻ, നിരണത്തെ രാജീവ് എന്നിവരുടെ ജീവിത പരാജയങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ തന്നെയെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ.
കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന ത്രിദിന ഉപവാസ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാസമയം നെല്ലിന്റെ വില ലഭിക്കണമെന്നത് കർഷകരുടെ അവകാശമാണ്.
പിആർ എസ് വായ്പ, നെല്ലുസംഭരണപരിധി വർധന തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ അവലംബിക്കുന്ന തലതിരിഞ്ഞ നയങ്ങൾ കർഷകരെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നു. സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു ഫയലുകൾക്കൊപ്പം മറ്റൊരു ഫയൽക്കൂമ്പാരം സൃഷ്ടിക്കുവാൻ മാത്രമേ സർക്കാരിന്റെ നവകേരള യാത്ര കൊണ്ട് ഉപകരിക്കൂ.
അതുകൊണ്ട് നാടിനോ ജനങ്ങൾക്കോ, സർക്കാരിനോ യാതൊരു പ്രയോജനവുമില്ല. കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി ഭാരവാഹികളായ എ.എ.ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, കറ്റാനം ഷാജി, പി.എസ്. രഘുറാം തുടങ്ങിയവർ പ്രസംഗിച്ചു.