മഴ: കുട്ടനാട്ടിൽ കർഷകരുടെ ഉറക്കം കെടുന്നു
1339999
Tuesday, October 3, 2023 11:51 PM IST
മങ്കൊമ്പ്: മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട്ടിലെ ജനജീവിതം കൂടുതൽ ദു:സഹമായി. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കൽ ജോലികൾ നടക്കുന്ന പാടശേഖരങ്ങളെയാണ് അപ്രതീക്ഷിത പ്രളയം പ്രതിസന്ധിയിലാക്കിയത്. ഇതിനകം നിരവധി പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. മിക്ക പാടശേഖരങ്ങളിലും മടവീഴ്ച തടയാൻ കർഷകർ മഴവെള്ളവുമായി മല്ലടിക്കുകയാണ്.
മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളിൽ കർഷകർക്കുണ്ടായിരിക്കുന്നതു കടുത്ത സാമ്പത്തിക ബാധ്യതയാണ്. പുളിങ്കുന്ന് മേച്ചേരിവാക്ക, വെളിയനാട് വെള്ളി സ്രാക്ക, ചമ്പക്കുളം പെരുമാനിക്കരി വടക്കേത്തൊള്ളായിരം, രാമങ്കരി ഊരുക്കരി ഇടംപാടി പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായിരിക്കുന്നത്.
ഇവിടെയെല്ലാം നിലമൊരുക്കൽ ജോലികൾ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിരുന്നു. മടവീണതോടെ കൃഷിയിറക്കണമെങ്കിൽ പഴയ ജോലികളെല്ലാം വീണ്ടും ആവർത്തിക്കേണ്ട സ്ഥിതിയാണുള്ളത്. ഇനിയും മടവീഴാത്ത പാടശേഖരങ്ങളുടെയും സ്ഥിതി വിഭിന്നമല്ല.
അള്ളയും
കവിഞ്ഞുകയറ്റവും
മടവീഴ്ച ഒഴിവാക്കുന്നതിനായി ഭൂരിഭാഗം പാടശേഖരങ്ങളിലും തൂമ്പ് തുറന്നുവച്ചു വെള്ളംകയറ്റുകയാണ്. ആഴ്ചകൾ നീണ്ട പമ്പിംഗിലൂടെ പൂർണമായും വെള്ളം വറ്റിയ പാടശേഖരങ്ങൾ വീണ്ടും വെള്ളം നിറഞ്ഞുകഴിഞ്ഞു.
പതിനായിരക്കണക്കിനു രൂപ മുടക്കി പോളയും മറ്റു മാലിന്യങ്ങളുമൊക്കെ നീക്കി നിലം വൃത്തിയാക്കിയിരുന്നു. എന്നാൽ പാടത്തു വെള്ളം നിറഞ്ഞതോടെ പുറംബണ്ടിനു സമീപം നിക്ഷേപിച്ചിരുന്ന പോളയും മറ്റും വീണ്ടും പാടത്തു നിറഞ്ഞുകഴിഞ്ഞു. മുടക്കിയ അത്രയും തന്നെ തുക വീണ്ടും ചെലവഴിച്ചാലെ കൃഷിയിറക്കാനാകൂ. കാവാലം കൃഷിഭവൻ പരിധിയിലെ 1040 ഏക്കറോളം വരുന്ന മംഗലം മാണിക്യമംഗലം കായലിലാണ് അള്ളയും കവിഞ്ഞുകയറ്റവും ഏറ്റവും രൂക്ഷമാകുന്നത്.
കഴിഞ്ഞദിവസം രണ്ടു തവണ കായലിന്റെ പടിഞ്ഞാറെ ബണ്ടിൽ അള്ള വീണിരുന്നെങ്കിലും കർഷകരുടെ പരിശ്രമങ്ങളെത്തുടർന്നു തടയുകയായിരുന്നു. കവിഞ്ഞു കയറ്റത്തെത്തുടർന്നു പൂർണമായും വറ്റിയ കാവാലം കട്ടക്കുഴി പാടശേഖരത്തിലും തൂമ്പുതുറന്നു വെള്ളം കയറ്റുകയാണ്.
ജലനിരപ്പ് ഉയർന്നു
അള്ളവീണും കവിഞ്ഞു കയറിയതിനെയും തുടർന്ന് രാമങ്കരി, എടത്വ, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിലും ഏറെക്കുറെ പൂർണമായും വെള്ളം നിറഞ്ഞ നിലയിലാണ്.
ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിലെ ഗതാഗത സംവിധാനങ്ങളും താറുമാറായി. മിക്ക റോഡുകളിലും വെള്ളം കയറി. പ്രധാന വഴികളിലടക്കം വലിയ തോതിൽ വെള്ളകകെട്ടുള്ളതിനാൽ സ്കൂളുകളിലേക്കെത്താൻ വിദ്യാർഥികളും ഏറെ വിഷമിക്കുന്നു. വീടുകളിലടക്കം വെള്ളം കയറിയ കുട്ടനാടിന്റെ പല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളോ, കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളോ ആരംഭിക്കാത്തതും ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.