വടക്കേത്തൊള്ളായിരം പാടത്ത് മടവീഴ്ച
1339493
Sunday, October 1, 2023 12:16 AM IST
മങ്കൊമ്പ്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്.
120 ഹെക്ടർ വിസ്തൃതിയുള്ള പാടശശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് മടവീണത്. പുഞ്ചകൃഷിക്കായി ട്രാക്ടർ ഉപയോഗിച്ചു നിലമുഴുന്ന ജോലികൾ പൂർത്തിയാക്കി നിലമൊരുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കെ ശക്തമായ വേലിയേറ്റത്തെത്തുടർന്നായിരുന്നു മടവീഴ്ച.
പത്തു മീറ്ററോളം നീളത്തിൽ പുറംബണ്ട് ഒലിച്ചുപോയി. മട തടയാനുള്ള ശ്രമം കർഷകർ നടത്തിയെങ്കിലും ആറ്റിൽ നിന്നുള്ള ശക്തമായ വെളളപ്പാച്ചിലിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. പാടത്തു പൂർണമായും വെള്ളം നിറഞ്ഞശേഷമെ എന്തെങ്കിലും ചെയ്യാനാകൂവെന്നാണ് കർഷകർ പറയുന്നത്.
രണ്ടു വർഷം മുൻപ് പാടശേഖരത്തിൽ മടവീണിരുന്നു. ഇതെത്തുടർന്ന് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി മടകുത്തിയിരുന്നു. എന്നാൽ ഇതുവരെ സർക്കാർ അനുവദിച്ചിരുന്ന തുക പാടശേഖരസമിതിക്കു കിട്ടിയിട്ടില്ല. 2021-22 സീസണിലാണ് നിലമൊരുക്കൽ പൂർത്തിയായ സാഹചര്യത്തിൽ ഇവിടെ മടവീണത്.
ഇതെത്തുടർന്ന് കർഷകർ മടകുത്തി വീണ്ടും കൃഷിയിറക്കി. വീണ്ടും അടുത്ത വർഷവും പുഞ്ചകൃഷിയിറക്കുകയും ചെയ്തിരുന്നു. 2022 ജനുവരി ആദ്യവാരത്തിലാണ് മടകുത്തൽ ജോലികൾ പൂർത്തിയായത്.
ഏകദേശം 25 ലക്ഷം രൂപയോളം മടകുത്താൻ പാടശേഖരസമിതിക്കു ചെലവായി. 15 ലക്ഷം രൂപയുടെ തുക മാത്രമാണ് സർക്കാരിൽനിന്ന് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു മാസക്കാലമായി ഈ തുക ട്രഷറി നിയന്ത്രണങ്ങളെത്തുടർന്ന് തടഞ്ഞുവച്ചിരിക്കുകയാണ്.
സർക്കാരിൽനിന്ന് അടിയന്തര നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇത്തവണ മടകുത്താനാകൂ. അല്ലാത്തപക്ഷം പാടശേഖരത്തിൽ ഇക്കൊല്ലത്തെ പുഞ്ചകൃഷി മുടങ്ങും.