സസ്പെൻഷനിലായ ജീവനക്കാരന് ഉപജീവനബത്ത നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1338513
Tuesday, September 26, 2023 11:18 PM IST
ആലപ്പുഴ: 2021 ഏപ്രിലിൽ സസ്പെൻഷനിലായ ജീവനക്കാരന് കുടിശിക ശമ്പളവും ഉപജീവനബത്തയും രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് മനുഷ്യവാകാശ കമ്മീഷൻ.
സസ്പെൻഷൻ കാലയളവിലുള്ള ഉപജീവനബത്ത നിഷേധിക്കുന്നത് മനുഷ്യവാകാശ ലംഘനമാണെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഇത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണ്.
കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിംഗ് ഫെഡറേഷൻ (കയർഫെഡ്) മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
കായംകുളം പുതുപ്പള്ളി സ്വദേശി പി. രഞ്ജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ ഭർത്താവിനാണ് പ്രത്യേക കാരണങ്ങൾ കൂടാതെ ഉപജീവന ബത്ത നിഷേധിച്ചത്.
ഉപജീവനബത്ത നിഷേധിക്കുന്നത് ആർട്ടിക്കിൾ ഇരുപത്തിയൊന്നിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളതായി കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിയുടെ ഭർത്താവ് സസ്പെൻഷൻ കാലയളവിൽ ഒരു തൊഴിലിലും ഏർപ്പെട്ടിട്ടില്ല. ഇക്കാലത്ത് കണ്ണിനുണ്ടായ മുറിവ് കാരണം ജീവനക്കാരൻ ദുരിതത്തിലാവുകയും ചെയ്തു.
2021 മാർച്ചിലെ ശമ്പളം സ്ഥാപനം തടഞ്ഞുവച്ചത് നിയമ വിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉപജീവനബത്തയും കുടിശിക ശമ്പളവും നൽകിയ ശേഷം സ്ഥാപന മേധാവി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.