തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കൾ; ജനം ഭീതിയിൽ
1336788
Tuesday, September 19, 2023 10:59 PM IST
മാന്നാർ: മാന്നാറിൽ തെരുവുനായ ശല്യം അതിരൂക്ഷമായതോടെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്.പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ചു ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാറിന്റെ പ്രധാന തെരുവുകളിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അലഞ്ഞു തിരഞ്ഞു നടക്കുന്ന തെരുവ് നായ്ക്കുട്ടങ്ങളാണ്നാട്ടുകാരെ ഭീതിയിലാക്കുന്നത്.നായ ശല്യം രൂക്ഷമായതോടെ ആളുകൾക്കു വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്തവസ്ഥയാണ്. കുട്ടികളെ രക്ഷാകർത്താക്കൾ വടിയുമേന്തി സ്കൂളിൽ കൊണ്ടു വിടേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടാണ് തെരുവ് നായ്ക്കളുടെ ആക്രമണം മാന്നാറിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റതോടെ കടുത്ത നടപടി ഉണ്ടാകണമെന്ന ആവശ്യവും ഒപ്പം പ്രതിഷേധവും ഉയരുകയാണ്. പാവുക്കരയിലാണ് തെരുവ് നായ് ശല്യം രൂക്ഷമായിരിക്കുന്നത് . കാല്‍നടക്കാരും ഇരുചക്ര വാഹനക്കാരുമാണ് ആക്രമണങ്ങള്‍ക്കു ഏറ്റവും കൂടുതല്‍ ഇരകളാകന്നത്. രാവിലെ നടക്കാൻ പോകുന്നവരെയും പാൽ, പത്രവിതരണക്കാരെയും സ്ഥിരമായി ആക്രമിക്കുന്നതിനാൽ പലരും നേരം വെളുത്ത ശേഷമാണ് പുറത്തിറങ്ങുന്നത്.
പകൽ സമയങ്ങളിൽ
കൂട്ടത്തോടെ
കുറ്റിയിൽ ജംഗ്ഷനിലെ കാത്തിരുപ്പ് കേന്ദ്രത്തിൽ പകൽ സമയങ്ങളിൽനായ്ക്കൾ കൂട്ടത്തോടെ കയറി നിൽക്കുന്നതു യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ബസ് നിർത്തി യാത്രക്കാർ ഇറങ്ങുന്നത് നായ്ക്കളുടെ മുന്നിലേക്കാണ്. ഇതു പലപ്പോഴും യാത്രക്കാർക്കു ഭീതി ഉണർത്തുവാൻ കാരണമാകുന്നു. കൂട്ടം ചേർന്ന് നടക്കുന്ന നായ്ക്കൾ സ്കൂൾ കുട്ടികളുടെയും, ഇരുചക്രവാഹനങ്ങൾക്ക് പുറകെ ഓടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ജനങ്ങളുടെ സുരക്ഷ വലുതാണ് എപ്പോഴും പറയുന്ന അധികൃതർ മനുഷ്യ ജിവനു ഭീഷണി ആകുന്ന തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നു സുരക്ഷ നൽകാൻ തയ്യാറാകുന്നില്ലന്നാണ് നാട്ടുകാരിൽ നിന്ന്ഉയരുന്ന ആരോപണം. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടി കൈകൊണ്ടില്ലങ്കിൽ വരും കാലങ്ങളിൽ തെരുവുകൾ നായ്ക്കൾ കീഴടക്കുകയും മനുഷ്യ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുമെന്ന ആശങ്കയിലാണ് മാന്നാർ നിവാസികൾ.