പുളിങ്കുന്ന് മേച്ചേരിവാക്ക പാടത്ത് മടവീഴ്ച
1336782
Tuesday, September 19, 2023 10:47 PM IST
മങ്കൊമ്പ്: നിലമൊരുക്കൽ പുരോഗമിക്കുന്ന പാടശേഖരത്തിൽ മടവീഴ്ച. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന മേച്ചേരിവാക്ക പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്.
ഇന്നലെ രാവിലെ ഏട്ടോടെ പൊട്ടുമുപ്പതു പാലത്തിനടുത്തുള്ള പൊതുമടയിലാണ് മടവീഴ്ച സംഭവിച്ചത്. 220 ഏക്കറോളം വരുന്ന പാടശേഖരത്തിൽ പുഞ്ചകൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി പമ്പിംഗ് ജോലികൾ അവസാനഘട്ടത്തിലെത്തിനിൽക്കുകയായിരുന്നു. വെള്ളം വറ്റിച്ചശേഷം ഉഴവു ജോലികളും മറ്റു നിലമൊരുക്കൽ നടപടികളും പൂർത്തിയാക്കാനിരിക്കെയാണ് മടവീഴ്ചയുണ്ടായത്. ഇനിയും മടകുത്തി വെള്ളം വറ്റിച്ചു കൃഷിയിറക്കുമ്പോൾ അത്രയും കൂടി പുഞ്ചകൃഷി വൈകും. മടകുത്തലിനടക്കം വലിയ സാമ്പത്തിക ബാധ്യത കർഷകർക്കുണ്ടാകുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പുർന്നതാണ് മടവീഴ്ചയ്ക്കിടയായത്.
പാടത്തുണ്ടായ മടവീഴ്ച പ്രദേശത്ത് ഗതാഗതതടസത്തിനുമിടയായേക്കാം. നിരവധി കെഎസ്ആർടിസി ബസുകളടക്കം സർവീസ് നടത്തുന്ന മങ്കൊമ്പ്-കണ്ണാടി വികാസ് മാർഗ് റോഡ് പാടശേഖരത്തിനു നടുവിലൂടെയാണ് കടന്നുപോകുന്നത്.
പാടശേഖരത്തിൽ ജലനിരപ്പുയർന്നാൽ താരതമ്യേന താഴ്ന്ന റോഡിലും വെള്ളം കയറും. പാടശേഖരത്തിനു നടുവിലെ തുരുത്തുകളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. അടിയന്തരമായി മടകുത്തി വെള്ളം വറ്റിക്കുന്നതിനുള്ള സഹായം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കർഷകരുടെയും പ്രദേശ ത്തെ ജനങ്ങളുടെയും ആവശ്യം.