ദേശാടന പക്ഷിശല്യത്തിന് അറുതിയാകും
1336319
Sunday, September 17, 2023 11:03 PM IST
മാന്നാർ: ദേശാടനപ്പക്ഷികളുടെ കൂടുകൂട്ടലിൽ ദുരിതമനുഭവിക്കുന്ന ചെന്നിത്തല നിവാസികൾക്ക് ആശ്വാസവാർത്ത. നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദ്ദേശമെത്തിയതാണ് ആശ്വാസത്തിന് കാരണമായത്. കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്ത് ചെന്നിത്തല അയ്യക്കശ്ശേരില്‍ ക്ഷേത്രത്തിനു സമീപം രണ്ടു മരങ്ങളില്‍ കൂടുകൂട്ടിയ ദേശാടനപക്ഷികള്‍ നാടിനും വഴിയാത്രികര്‍ക്കും സമ്മാനിക്കുന്ന ദുരിതത്തിന് അറുതിയാകുവാനുള്ള വഴിയാണ് കളക്ടറുടെ ഉത്തരവിലൂടെ തെളിയുന്നത്.
ഈ പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രികരുടെയും കാല്‍നടയാത്രക്കാരുടെയും ശരീരത്തിലും വസ്ത്രങ്ങളിലും പക്ഷികള്‍ കാഷ്ഠിക്കുന്നത് പതിവാകുകയും പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു. കൂടാതെ പരിസരങ്ങളിലാകെ പക്ഷികളുടെ കാഷ്ഠം വീണ് ദുര്‍ഗന്ധവും വമിച്ചിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ ദുരിതത്തിനു പരിഹാരം കാണുന്നതിനായി ചെന്നിത്തല - തൃപ്പെരുന്തുറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിവേദനം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നിവേദനത്തിന്റെ മറുപടിയായി അപേക്ഷയിന്മേല് പറയുന്ന വിഷയത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് അപേക്ഷകനെ അറിയിക്കുവാനും സ്വീകരിച്ച നടപടികള്‍ കളക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുവാനും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചുകൊണ്ട് അറിയിപ്പു ലഭിച്ചു.
നടപടിയെടുക്കുന്നതു സംബന്ധിച്ച് പരാതിക്കാരനായ ഐപ്പ് ചാണ്ടപ്പിള്ളയെയും അറിയിച്ചു. പക്ഷികളുടെ ശല്യം നാട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.