ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ
1301692
Sunday, June 11, 2023 2:35 AM IST
ചെങ്ങന്നൂർ: ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മുളക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി (70) ക്കാ ണ് വെട്ടേറ്റത്. ഭർത്താവ് എം.ടി. ബാബു (72) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 7.30 ഓടെ അടുക്കളയിൽ പാകം ചെയ്തു കൊണ്ടിരുന്ന അമ്മിണിയെ പിറകിൽ നിന്നെത്തിയ ബാബു വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകൊണ്ട അമ്മിണി പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടു.
നിലവിളി കേട്ട് അയൽവാസികളെത്തിയാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടതു കൈയ്ക്കും മുറിവേറ്റിട്ടുണ്ട്. തലയ്ക്ക് അടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ എസ്ഐ എം.സി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ സംഭവം നടന്ന വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കുറെ നാളായി മാനസിക രോഗത്തിനു ചികിത്സയിലാണന്ന് പോലീസ് പറഞ്ഞു. ഏകമകൾ വിദേശത്താണ്.