അന്ധകാരനഴി പൊഴി തുറക്കൽ: മണൽ വാരി കരയിലിടുന്നു
1301118
Thursday, June 8, 2023 11:09 PM IST
തുറവൂർ: അന്ധകാരനഴി അഴിമുഖത്തുനിന്നു മണൽ നീക്കം ചെയ്യുന്നതിനു തുടക്കം. അന്ധകാരനഴി പൊഴിമുഖത്തെയും വടക്ക് - തെക്ക് സ്പിപിൽവേകളുടെ മധ്യേയുള്ള തോട്ടിലും അടിഞ്ഞു കിടക്കുന്ന മണലാണ് നീക്കം ചെയ്യുന്നത്. മഴക്കാലത്തുണ്ടാകാവുന്ന വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പൊഴിമുഖം ആഴം കൂട്ടുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണൽ നീക്കം.
വീണ്ടും
അവിടെത്തന്നെ
അതേസമയം, ഇത്തരത്തിൽ നീക്കം ചെയ്യുന്ന മണൽ അന്ധകാരനഴി പൊഴിമുഖത്തുതന്നെ തള്ളുന്നതു വലിയ അബദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴ ശക്തമാകുമ്പോൾ ഈ മണൽ വീണ്ടും തോട്ടിലേക്കുതന്നെ ഒഴുകിയിറങ്ങും. മുൻ വർഷങ്ങളിൽ മഴക്കാലത്തിനു മുമ്പായി വള്ളങ്ങളിൽ മണൽ നീക്കം ചെയ്യാൻ മണൽവാരൽ തൊഴിലാളികൾക്ക് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ മണൽ നീക്കം ചെയ്തിരുന്നപ്പോൾ സ്വാഭാവികമായി അഴിമുഖം തുറക്കുകയും വെള്ളം സുഗമമായി ഒഴുകുകയും ചെയ്യുമായിരുന്നു.
മണൽ നീക്കണം
എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഷട്ടർ പൂർണമായി തുറക്കാത്തതു മൂലം മണൽവാരൽ തൊഴിലാളികൾക്ക് ഇവിടെനിന്നു മണൽ നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഫലത്തിൽ ചില ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും നേട്ടമുണ്ടാകുമെന്നല്ലാതെ ലക്ഷങ്ങൾ മുടക്കി ചെയ്യുന്ന ജോലികൾകൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.
മണൽവാരൽ തൊഴിലാളികൾക്ക് ഇവിടെനിന്നു വള്ളങ്ങളിൽ മണൽ നീക്കം ചെയ്യാനുള്ള അനുമതി അധികൃതർ നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വർഷാവർഷം അന്ധകാരനഴി പൊഴിമുഖത്തെ മണൽനീക്കം ചെയ്യുന്നതിന്റെ പേരിൽ നടക്കുന്ന അഴിമതി നടക്കുന്നുണ്ടോയെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു.