ചന്ദ്രമതിയമ്മയ്ക്ക് തണലേകി കരുതലും കൈത്താങ്ങും അദാലത്ത്
1299828
Sunday, June 4, 2023 6:30 AM IST
മാവേലിക്കര: 78 വയസായി മോനെ. എനിക്ക് നടക്കാനോ സ്വന്തമായി കാര്യങ്ങൾ ചെയ്യാനോ പറ്റില്ല. കയറികിടക്കാൻ ഒരു വീട് വേണം- വളരെ പ്രയാസപ്പെട്ടാണ് ചന്ദ്രമതിയമ്മ ഈ ബുദ്ധിമുട്ടുകളൊക്കെയും മന്ത്രി സജി ചെറിയാനോട് പറഞ്ഞ് തീർത്തത്. മാവിലേക്കര താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് തന്റെ സങ്കടങ്ങളുമായി ചുനക്കര സ്വദേശി ചന്ദ്രമതിയമ്മ എത്തിയത്.
നിലവിൽ വാടക വീട്ടിലാണ് താമസം. മാനസിക ബുദ്ധിമുട്ടുള്ള മകന് ചന്ദ്രമതിയമ്മയെ പരിചരിക്കാനും കഴിയുന്നില്ല. പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ പുലിയൂർ ഗാന്ധി ഭവൻ അധികൃതരെ നേരിട്ട് വിളിച്ചു ചന്ദ്രമതിയമ്മയെ അവിടേക്ക് മാറ്റാൻ നിർദേശം നൽകി. തുടർന്ന് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അമ്മയെ ഉടൻ തന്നെ അദാലത് വേദിയിൽ നിന്നു ഗാന്ധി ഭവനിലേക്ക് മാറ്റി.
നാലു വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. ആകെയുള്ള മകൻ കമ്പ്യൂട്ടർ ബിരുദധാരിയാണ്. എന്നാൽ മാനസികാസ്വാസ്ഥ്യം നേരിടുന്നതിനാൽ ഇടയ്ക്ക് വീട് വിട്ടുപോകും. മകനെ കണ്ടെത്തി ഉടൻ തന്നെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.