പച്ചപ്പിന്റെ പ്രചാരകന് ആന്റപ്പന് അമ്പിയായം വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്തുവര്‍ഷം
1299504
Friday, June 2, 2023 11:13 PM IST
എടത്വ: പച്ചപ്പിന്റെ പ്രചാരകന് ആന്റപ്പന് അമ്പിയായം വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്തുവര്‍ഷം. കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടനകളെയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ മഴമിത്രത്തില്‍ ഇന്നു രാവിലെ 10 ന് ഒന്നിച്ചു കൂടും.
പ്രകൃതിസ്നേഹിയായിരുന്ന ആന്റപ്പന് അമ്പിയായം (38) 2013 ജൂണ്‍ മൂന്നിന് എറണാകുളത്ത് ബൈക്ക് അപകടത്തിലാണ് മരണമടഞ്ഞത്.ആന്റപ്പന് അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെന്റ് ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍ രാവിലെ 9ന് ഹരിതകര്‍മ സേവകരും സുഹൃത്തുക്കളും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ആന്റപ്പന്റെ വസതി മഴമിത്രത്തില്‍ അനുസ്മരണം നടത്തും. കേരള യൂണിവേഴ്സിറ്റി ബിഎ പാഠപുസ്തകത്തില്‍ ആന്റപ്പന് അമ്പിയായം ഇടം നേടിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ മൂന്നാം മൊഡ്യൂളില്‍ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ് പച്ചപ്പിന്റെ പ്രചാരകനായിരുന്ന ആന്റപ്പന് അമ്പിയായത്തക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ആന്റപ്പന് അമ്പിയായം ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുള, സെക്രട്ടറി ബില്‍ബി മാത്യു കണ്ടത്തില്‍, ജയന് ജോസഫ് പുന്നപ്ര,അഡ്വ. വിനോദ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.