കുട്ടികൾക്ക് സൈക്കിൾ നൽകി ആനപ്രമ്പാല് എംടിഎസ് ഗേള്സ് ഹൈസ്കൂള്
1299495
Friday, June 2, 2023 11:10 PM IST
എടത്വ: നവാഗതരായ കുട്ടികള്ക്ക് എല്ലാം യാത്രാസൗകര്യത്തിനായി പുത്തന് സൈക്കിള് നല്കിയാണ് ആനപ്രമ്പാല് എംടിഎസ് ഗേള്സ് ഹൈസ്കൂള് പ്രവേശനോത്സവത്തില് കുട്ടികളെ വരവേറ്റത്. ഈ വര്ഷം സ്കൂളില് പ്രവേശനം നേടിയ 31 ഓളം കുട്ടികള്ക്കാണ് സൈക്കിള് നല്കിയത്.
മൂന്നു വര്ഷമായി അഞ്ചു മുതല് പത്തുവരെ ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം നേടുന്ന വിദ്യാര്ഥികള്ക്ക് സൈക്കിള് നല്കുന്നുണ്ടെന്നും കഴിഞ്ഞ വര്ഷം 35 സൈക്കിളും ആദ്യ തവണ 47 സൈക്കിളും നല്കിയെന്നു പ്രധാനാധ്യാപിക റെനി വര്ഗീസ് പറഞ്ഞു.
സ്കൂളിനെ സ്നേഹിക്കുന്നവരും അധ്യാപകരും പിടിഎ അംഗങ്ങളും പൂര്വാധ്യാപക വിദ്യാര്ഥികളും ചേര്ന്നാണ് ഇതിനു വേണ്ട തുക കണ്ടെത്തുന്നത്. എംടി ആൻഡ് ഇഎ സ്കൂള്സ് കോര്പറേറ്റ് മുന് മാനേജര് ലാലമ്മ വര്ഗീസ് സൈക്കിള് വിതരണോ ദ്ഘാടനം നിര്വഹിച്ചു. പിടിഎ പ്രസിഡന്റ് ടിന്റു ദിലീപ് അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവം ആനപ്രമ്പാല് മാര്ത്തമ്മ ഇടവക സഹവികാരി ഫാ. സിബു പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കേരള ഫയര് ആൻഡ് റെസ്ക്യൂ തകഴി സ്റ്റേഷന് ഓഫീസര് സുരേഷ് എസ്. മുഖ്യ സന്ദേശം നല്കി. കൂടാതെ നവാഗതര്ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
എസ്എസ്എല്സി പരീക്ഷയില് തുടര്ച്ചയായി പതിനൊന്നാം വര്ഷവും സ്കൂളിന് നൂറുമേനി നേടിയിരുന്നു.