ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
1299300
Thursday, June 1, 2023 11:04 PM IST
ഹരിപ്പാട്: സ്കൂട്ടറിൽ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തി (39) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ കഴുത്തിൽ കിടന്ന 30 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
മാല വിറ്റു കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നു 22.850 ഗ്രാം സ്വർണവും കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കണ്ടെത്തി. എസ്എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ ശ്രീകുമാർ, സിപിഒ മാരായ നിഷാദ്.എ, ഇയാസ്, അൽ അമീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.