ചാരുംമൂട്ടിൽ ബേക്കറിക്കു തീപിടിച്ചു; തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
1299008
Wednesday, May 31, 2023 10:52 PM IST
ചാരുംമൂട്: തീപിടിത്തത്തിൽ ബേക്കറി കത്തി നശിച്ചു. ചാരുംമൂട് ജംഗ്ഷനു വടക്ക് പ്രവർത്തിക്കുന്ന നൈസ് ബേക്കറി എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് നാലോ ടെയാണ് സംഭവം. ബേക്കറിയുടെ മുൻഭാഗത്തെ ഫാസ്റ്റ് ഫുഡ് തയാറാക്കുന്ന അടുക്കളയുടെ ഭാഗത്തുനിന്നാണ് തീയും പുകയും ഉയർന്നത്.
ഇവിടം പൂർണമായും കത്തി നശിച്ചു. പെട്ടെന്നുതന്നെ തീ ആളിപ്പടർന്നു. സമീപത്തുള്ള തടി മില്ലിലേക്കും തീ പടർന്നിരുന്നു. തടിമില്ലിന്റെ ഓഫീസ് മുറിയിലേക്കും തീപടർന്നു. ഓടിക്കൂടിയവരുടെയും കടയിലെ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടൽ തീ നിയന്ത്രണവിധേയമാക്കി.
വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യേഗസ്ഥരും തീയണക്കാൻ സഹായിച്ചു. അഗ്നിശമന സേന എത്താൻ വൈകിയതും തീ കെടുത്താൻ കാലതാമസമുണ്ടാക്കി. ബേക്കറിയിലെ സാധനങ്ങൾ ഭാഗികമായി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ബേക്കറിയുടെ മുകൾ നിലയിലും സമീപത്തു ധാരാളം സ്ഥാപനങ്ങളും കടകളും ഉണ്ടെങ്കിലും അവിടേക്കൊന്നും തീ പടരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി . കടയ്ക്കുള്ളിൽനിന്നും ഓടിമാറിയതിനാൽ തൊഴിലാളികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. തീപിടുത്തത്തെതുടർന്ന് കെ.പി. റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭനവും ഉണ്ടായി.