എല്ലാ ഡിവിഷനിലും നഴ്സ്, ഫിസിയോതെറാപ്പി സെന്റർ
1298096
Sunday, May 28, 2023 11:03 PM IST
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയർ സംഗമം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ ഉദ്ഘാടനംചെയ്തു. ജില്ലയിൽ 27,000 പാലിയേറ്റീവ് രോഗികൾ ഉണ്ട്.
എല്ലാ പാലിയേറ്റീവ് രോഗികൾക്കും നഴ്സിംഗ് കെയറും ഡോക്ടറുടെ സേവനവും ഉറപ്പു വരുത്തുക എന്നതാണ് സമഗ്ര പാലിയേറ്റീവിന്റെ ലക്ഷ്യമെന്നു താഹ പറഞ്ഞു.
കിടപ്പ് രോഗികൾ
കിടപ്പ് രോഗികൾ, ഇരുപ്പ് രോഗികൾ, ഉപകരണങ്ങളുടെ സഹായത്താൽ ജീവിക്കുന്ന രോഗികൾ, ഫിസിയോ തെറാപ്പി ആവശ്യമുള്ള രോഗികൾ, വിവിധ ട്യൂബുകളുടെ സഹായത്താൽ ജീവിക്കുന്ന രോഗികൾ, കിടപ്പിലായ കാൻസർ രോഗികൾ ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി ദുരിതം അനുഭവിക്കുന്ന എല്ലാ രോഗികൾക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ഇതിനായി ജില്ലാ പഞ്ചായത്ത് എല്ലാ ഡിവിഷനിലും നഴ്സുമാരെയും ഫിസിയോ തെറാപ്പി സെന്റർ സൗകര്യവും ആരംഭിക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതടക്കമുള്ള പ്രവർത്തനം നടപ്പിലാക്കുകയും ചെയ്യും.
വോളന്റിയർ
പെയ്ഡ് പാലിയേറ്റീവ് വോളന്റിയർ ആയി പ്രവർത്തിക്കാൻ തയാറായി ജില്ലയിലെ 12 ബ്ലോക്കുകളിലായി 2900ത്തോളം ആളുകളാണ് അപേക്ഷ നല്കിയിട്ടുള്ളത്.
ഇതിൽ സന്നദ്ധരായ മുഴുവൻ പേർക്കും ജില്ലാ പാലിയേറ്റീവിന്റെ സഹായത്തോടെ പരിശീലനം നല്കി പാലിയേറ്റീവ് കെയർ വോളന്റിയർ സേവനം ഉറപ്പ് വരുത്തും. പാർട്ട് ടൈം, ഡേ ടൈം, ഡേ ആൻഡ് നൈറ്റ് ടൈം എന്നീങ്ങനെ മൂന്നു കാറ്റഗറിയിലാണ് വോളന്റിയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വേതനം
ജില്ലാ പഞ്ചായത്ത് തീരുമാനിക്കുന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇവരുടെ സേവനം ലഭ്യമാക്കുന്നത്. പരിചരണം ആവശ്യമുള്ള വ്യക്തിയുടെ ബന്ധുക്കൾ വേതനം നല്കണം. സ്ഥാപനത്തിനാണ് സേവനം ആവശ്യമുള്ളതെങ്കിൽ സ്ഥാപനം വേതനം നല്കണം.
പെയ്ഡ് അല്ലാത്ത സേവനം ആവശ്യമുള്ള മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മികച്ച പരിചരണം ഉറപ്പ് വരുത്തും.