മാന്നാർ സബ് ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
1298093
Sunday, May 28, 2023 11:03 PM IST
മാന്നാർ: മാന്നാർ സബ് ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പുതിയതായി ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും.
2006-ൽ സബ്ട്രഷറി ആരംഭിച്ചത് മുതൽ സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആവശ്യത്തിന് അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ ഇടപെടലിൽ 2017ൽ കെട്ടിടനിർമാണ അനുമതിനേടുകയും ഇൻകെൽന് രണ്ടുകോടി രൂപയ്ക്ക് സാങ്കേതികാനുമതി നല്കുകയുമുണ്ടായി. എന്നാൽ എംഎൽഎയുടെ അപ്രതീക്ഷിത വിയോഗവും ഉപതെരഞ്ഞെടുപ്പും കെട്ടിടനിർമാണത്തിനു കാലതാമസം നേരിട്ടു.
സജി ചെറിയാൻ എംഎൽഎ ആയതിനുശേഷം 2018 സെപ്റ്റംബർ 16 നു അന്നത്തെ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് തറക്കല്ലിട്ടു. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കുറച്ചു നാൾക്കകം കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു.
പകരം കരാറുകാരനെത്തി പണി വീണ്ടുംആരംഭിച്ചു. ഇടയ്ക്ക് പ്രളയവും കൊറോണയുമെല്ലാം നിർമ്മാണം വഴി മുടക്കിയെങ്കിലും അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം സബ് ട്രഷറി യാഥാർഥ്യമാവുകയാണ്.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. രത്നകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, പഞ്ചായത്തംഗം വി.ആർ. ശിവപ്രസാദ് , ട്രഷറി ഓഫീസർ ഉദയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.