സഹായങ്ങള്‍ പലതും നിലച്ചതോടെ അഗതിമന്ദിരങ്ങള്‍ പ്രതിസന്ധിയില്‍
1283228
Saturday, April 1, 2023 10:53 PM IST
ചേര്‍ത്തല: കണ്ണീരോടെ വരുന്നവര്‍ക്ക് ആശ്വാസകേന്ദ്രമായി ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരങ്ങള്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ സഹായങ്ങള്‍ പലതും നിലച്ചതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക അഗതി കേന്ദ്രങ്ങളുടെയും നിലനില്പ് തന്നെ ഭീഷണിയിലാണ്. ഈ പ്രതിസന്ധിയാണ് ചേര്‍ത്തല സെന്റ് റീത്താസ് ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ആതുരാലയവും നേരിടുന്നത്. ദൈനംദിന ചെലവുകൾക്കും ഭക്ഷണത്തിനും സഹായമില്ലാതായതോടെ അന്തേവാസികളും സ്ഥാപനങ്ങളും ദുരിതക്കയത്തിലാണ്.
ചേര്‍ത്തല കടക്കരപ്പള്ളിയില്‍ 1959 ല്‍ ആരംഭിച്ച സെന്റ് റീത്താസ് ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ സ്ഥാപനത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍പോലും മുമ്പ് എത്തിയിരുന്നു. പലരും അസുഖം ഭേദമായി ആശുപത്രി വിടാറുണ്ട്.
എന്നാല്‍ ചില ബന്ധുക്കള്‍ രോഗികളെ ഇവിടെ ഉപേക്ഷിച്ചു കടന്നുകളയാറുമുണ്ട്. പിന്നീട് ഇവരുടെ അസുഖം ഭേദമായാല്‍പോലും വീട്ടുകാര്‍ തിരിഞ്ഞുനോക്കാറില്ല.
35 വയസുമുതല്‍ 80 വയസുവരെയുള്ളവര്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്നു. ദൈന്യംദിന ചെലവുപോലും കണ്ടെത്താനാകാതെ വിഷമിക്കുന്ന പ്രതിസന്ധിഘട്ടത്തിലും മാനവസേവ എന്ന മഹത്തായ ധര്‍മം പരിപാലിച്ചുപോരുകയാണ് ഇവിടത്തെ സന്ന്യസ്തര്‍. ഇതിനായി ആശുപത്രിയുടെ കീഴില്‍ പുനരധിവാസ കേന്ദ്രവും സ്ഥാപിച്ചു. കര്‍മലീത്ത സിസ്റ്റേഴ്സിന്റെ കോട്ടയം പ്രൊവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍, സന്യസ്തര്‍, സ്റ്റാഫ് നഴ്സ്, സൂപ്പര്‍വൈസര്‍, അറ്റൻഡർമാര്‍, തുടങ്ങി ഇരുപതോളം പേര് സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഇവിടെയെത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡയറക്ടര്‍ സിസ്റ്റര്‍ ബെറ്റ്സി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ എമിരീറ്റ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.