അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിതാ ജോസും അധ്യാപിക ഡോ. സിസ്റ്റര്‍ ലിനോ മാര്‍ഗരറ്റും ഇന്നു പടിയിറങ്ങും
1282631
Thursday, March 30, 2023 10:50 PM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍നിന്നും പ്രിന്‍സിപ്പല്‍ ഡോ. അനിതാ ജോസും മലയാളവിഭാഗം അധ്യാപിക ഡോ. സിസ്റ്റര്‍ ലിനോ മാര്‍ഗരറ്റും ഇന്നു പടിയിറങ്ങും. 1992ല്‍ കോളജിലെ സുവോളജി വിഭാഗത്തില്‍ അധ്യാപികയായി പ്രവേശിച്ച ഡോ. അനിത 31വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷമാണ് പടിയിറങ്ങുന്നത്. വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. അനിത ജോസ് 2021 ഏപ്രില്‍ ഒന്നിനാണ് പ്രിന്‍സിപ്പല്‍ സ്ഥാനമേറ്റത്. കോളജിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ സന്യാസിനിയല്ലാത്ത ആദ്യ പ്രിന്‍സിപ്പലെന്ന ബഹുമതിയുള്ള ഡോ. അനിത ജോസ് കോളജിനെ അക്കാഡമിക് രംഗത്തും കലാ-കായിക രംഗങ്ങളിലും ഏറെ മികവിലെത്തിച്ചാണ് വിരമിക്കുന്നത്. /”ഘന ലോഹമൂലകങ്ങള്‍ അടിഞ്ഞുകൂടി മനുഷ്യശരീരത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എംജി സര്‍വകലാശാലയില്‍നിന്നും പിഎച്ച്ഡി നേടിയ ഡോ. അനിത ഈ വിഷയത്തില്‍ ആധികാരികമായി അന്താരാഷ്ട്ര ജേര്‍ണലുകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആലപ്പുഴ മലയില്‍ പരേതനായ എം.ജെ. ജോസഫ്-മേരി ജോസഫ് ദമ്പതികളുടെ മകളും മല്ലപ്പള്ളി വാളക്കുഴിയില്‍ ഡോ.ജോജി ചെറിയാന്റെ ഭാര്യയുമാണ്. മക്കള്‍: ഡോ. ക്രിസ് ചെറിയാന് ജോജി എംഡിഎസ് (ദന്തിസ്റ്റ്), ജെസ് ജോസഫ് ജോജി (എംബിബിഎസ് വിദ്യാര്‍ഥി).
2005ല്‍ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായി സേവനം ആരംഭിച്ച ഡോ. സിസ്റ്റര്‍ ലിനോ മാര്‍ഗരറ്റ് പൊട്ടനാനി എസ്എബിഎസ് 18 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. ഷെവലിയർ ഐ.സി. ചാക്കോയുടെ വൈജ്ഞാനിക സംഭാവനകള്‍ എന്ന വിഷയത്തിലാണ് സിസ്റ്റര്‍ പിഎച്ച്ഡി നേടിയത്.
മൈന്‍ഡ് മാസ്റ്ററിംഗില് വിദഗ്ധ പരിശീലനം നേടിയ ഈ സന്യാസിനി ചങ്ങനാശേരി അതിരൂപത ടീച്ചിംഗ് ടീം അംഗവും പ്രശസ്ത ധ്യാനഗുരുവുമാണ്. അമലഭവന്, അസംപ്ഷന്‍ ഹോസ്റ്റലുകളുടെ വാര്‍ഡനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളജില്‍ അധ്യാപികയാകുന്നതിനുമുമ്പ് സിസ്റ്റര്‍ ലിനോ ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളില്‍ അധ്യാപികയായിരുന്നു. ചെറുപുഷ്പ മിഷന്‍ലീഗ് സഹസ്ഥാപകന്‍ തിടനാട് പൊട്ടനാനി പി.സി. ജോസഫിന്റെയും മേരിയുടെയും മകളാണ്.