മിച്ചല്‍ ജംഗ്ഷന് വികസനം: പൊതുവാദം സമാപിച്ചു
1281896
Tuesday, March 28, 2023 11:11 PM IST
മാവേലിക്കര: മിച്ചല്‍ ജംഗ്ഷന് വികസനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടന്നു വന്ന പൊതുവാദം സമാപിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ആര്. സുധീഷ്, സ്പെഷ്ൽ തഹസീല്‍ദാര്‍ എല്‍എ (ജനറല്‍) എം.കെ. അജികുമാര്‍, ജൂണിയര്‍ സൂപ്രണ്ട് സന്തോഷ്കുമാര്‍, റവന്യു ഇന്‍സ്പെക്ടര്‍ ശങ്കര്‍, അന്‍സില്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. ആകെ 84 പേരാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്.
ഇവരില്‍ 16 പേര് നേരത്തേ രേഖകള്‍ കൈമാറിയിരുന്നു. വെള്ളിയാഴ്ച 28 പേരും തിങ്കളാഴ്ച 14 പേരും രേഖകള്‍ നല്കി. ശേഷിച്ച 26 പേര്‍ക്ക് വ്യക്തമായ രേഖകള്‍ ഹാജരാക്കാനായില്ല. ഇവര്‍ക്ക് കളക്ടറേറ്റിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ മാര്‍ച്ച് 31 നുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരവസരം കൂടിയുണ്ട്. ഇതിനു ശേഷം രേഖകള്‍ ഹാജരാക്കാന്‍ അവസരമില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 20 പേര് സ്ഥാപനം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ബുധന്‍ മുതല്‍ പൊതുമരാമത്ത് വകുപ്പും റവന്യു വകുപ്പും തുടര്‍നടപടികള്‍ സ്വീകരിക്കും.
അടുത്ത ഘട്ടത്തില്‍ പാക്കേജ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അംഗീകാരത്തിനായി അയയ് ക്കും. സര്‍ക്കാര്‍ തുക അനുവദിച്ച ശേഷം ഉടമകള്‍ക്കു നഷ്ടപരിഹാരത്തുക കൈമാറും. പിന്നീട് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടി വരുന്ന പുരയിടങ്ങളുടെ ഉടമസ്ഥര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനഃസ്ഥാപനവും ലഭിക്കും. മാവേലിക്കര വില്ലേജില്‍ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട 57.08 ആര്‍സ് ഭൂമിയാണ് വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 115 പുരയിടങ്ങളും മൂന്നു പുറമ്പോക്കുകളും ഏറ്റെടുക്കേണ്ടിവരും. വാടകയ്ക്ക് കടകള്‍ നടത്തുന്നവര്‍ക്ക് 50,000 രൂപയും അംഗീകൃത തൊഴിലാളികള്‍ക്ക് 36,000 രൂപയും വീടുകള്‍ക്ക് 4,60,000 രൂപയും ലഭിക്കും. കട ഉടമകള്‍ക്ക് കെട്ടിടത്തിന്റെ വിലയ്ക്കു പുറമേ ഭൂമിയുടെ വിലയും ലഭിക്കും. അനുവദിച്ച 25 കോടിയില്‍ 22.5 കോടിയും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നല്‍കുന്നതിനാണ് നീക്കിവച്ചിരിക്കുന്നത്. നിവിലെ വിപണി വിലയുടെ ഇരട്ടിയും വിജ്ഞാപനം വന്ന തീയതിക്കുശേഷമുള്ള 12 ശതമാനം പലിശയും ഉടമകള്‍ക്ക് ലഭിക്കും.
മിച്ചല്‍ ജംഗ്ഷനിൽനിന്ന് വടക്കോട്ട് 80 മീററും തെക്കോട്ട് 140 മീറ്ററും പടിഞ്ഞാറോട്ട് 110 മീറ്ററും കിഴക്കോട്ട് 210 മീറ്ററും ദൂരത്തിലാണ് വീതി കൂട്ടുന്നത്. നിലവിലെ ഏഴുമുതല്‍ എട്ടു മീറ്റര്‍ വരെയുളള വീതി, നടപ്പാതയുള്‍പ്പെടെ 18 മീറ്ററായി വര്‍ധിക്കും.