മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക, പിടിവീഴും
1280563
Friday, March 24, 2023 10:48 PM IST
ആലപ്പുഴ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ആലപ്പുഴ നഗരസഭ പരിധിയില്‍ കനാല്‍ വാര്‍ഡിലും സക്കറിയ ബസാറിലും നടത്തിയ പരിശോധനയില്‍ റോഡരികില്‍ അനധികൃതമായി മാലിന്യം തള്ളുന്നതും കടകളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും കണ്ടെത്തി. ഈ വിവരങ്ങള്‍ മുനിസിപ്പാലിറ്റിക്കു കൈമാറി.
രാത്രിയിലടക്കം പരിശോധന ഉണ്ടാകുമെന്നു ജില്ലാ എന്‍ഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. പിടികൂടുന്നവർക്കെതിരേ തദേശ സ്വയംഭരണസ്ഥാപനത്തിനു ശിപാര്‍ശ നല്കി കനത്ത പിഴയടക്കം ചുമത്താൻ സ്ക്വാഡിന് അധികാരമുണ്ട്.
നടപടി ഉറപ്പാക്കും
ശുചിത്വ-മാലിന്യ സംസ്കരണ നിയമ-ചട്ടലംഘനം കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം തടയൽ, ചട്ടങ്ങൾക്കു വിരുദ്ധമായ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുതലയാണ്.
നിരോധിത ഉത്പന്നങ്ങളും മാലിന്യങ്ങളും കണ്ടുകെട്ടാനും നശിപ്പിക്കാനും ശിപാർശ ചെയ്യാനും കഴിയും. തദേശ സ്വയംഭരണസ്ഥാപനം, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയോടു ശിപാർശ ചെയ്യാം. അതുപോലെ ശിപാർശയിൽ തുടര്‍നടപടി ഉറപ്പുവരുത്തലും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയാണ്.
ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാശുചിത്വമിഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, തദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഓഫീസര്‍, തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിലെ പോലീസ്, മലിനീകരണ നിയന്ത്രണബോര്‍ഡിലെ സാങ്കേതിക പ്രതിനിധി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ ഉളളത്.