എസി റോഡിൽ നരകയാത്ര!
1280280
Thursday, March 23, 2023 11:00 PM IST
മങ്കൊമ്പ്: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി തുടരുന്ന കെഎസ്ആർടിസി സർവീസുകളുടെ ഗതാഗത നിയന്ത്രണങ്ങൾ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കൈനകരി, വേണാട്ടുകാട്, ചമ്പക്കുളം പ്രദേശത്തെ ജനങ്ങളാണ് എറ്റവുമധികമായി ദുരിതമനുഭവിക്കുന്നത്. നിലവിൽ ചങ്ങാനശേരിയിൽനിന്നുള്ള സർവീസുകൾ മങ്കൊമ്പ് തെക്കേക്കര ജംഗ്ഷൻ വരെയാണ് സർവീസ് നടത്തുന്നത്. കൈനകരി, വേണാട്ടുകാട് പ്രദേശത്തുനിന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ നെടുമുടി ബോട്ടുജെട്ടിയിൽ ഇറങ്ങുന്ന യാത്രക്കാർ ഇവിടെയെത്താൻ ഏറെ പണവവും സമയവും ചെലവഴിക്കേണ്ടതായി വരുന്നു.
ഒാട്ടോ യാത്ര ശരണം
ആലപ്പുഴയിൽനിന്നു മങ്കൊമ്പിനു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും പരിമിതമായതിനാൽ പലപ്പോഴും പ്രയോജനപ്പെടുന്നില്ല. ചങ്ങനാശേരിയിലും മറ്റുമായി വിവിധ ജോലികൾക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. സമയപ്രശ്നം മൂലം മങ്കൊമ്പിലെത്താൻ മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയാണ്. ഓട്ടോറിക്ഷയിലാണ് മിക്കവരും നെടുമുടിയിൽനിന്നു മങ്കൊമ്പിലെത്തുന്നതും തിരികെ പോകുന്നതും. ഒരു ഭാഗത്തേയ്ക്കു മാത്രം എഴുപതു രൂപ ഇതിനായി ചെലവാകുന്നു.
സർവീസ്
നീട്ടണം
രാവിലെയും വൈകുന്നേരവുമെങ്കിലും മങ്കൊമ്പിലെത്തുന്ന ബസുകളുടെ സർവീസ് നെടുമുടി വരെ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ മങ്കൊമ്പിൽ ബസുകൾക്കു തിരിക്കാനും പാർക്കു ചെയ്യാനുമുള്ള സൗകര്യങ്ങളും കുറവാണ്. എന്നാൽ, നെടുമുടിയിൽ ഇതിനെല്ലാം നല്ല സ്ഥലസൗകര്യമുണ്ട്. നെടുമുടി പ്രദേശത്തു നൂറോളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. ഗതാഗത നിയന്ത്രണം വന്നതോടെ ഇവിടെ വ്യാപാരവും മന്ദീഭവിച്ചു. കച്ചവടക്കാർ ഇതോടെ കടുത്ത പ്രതിസന്ധിയിലാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി പി.സന്തോഷ്കുമാർ പറയുന്നു.
ഇരട്ടത്താപ്പ്
നസ്രത്തു ജംഗ്ഷനും തെക്കേക്കരയ്ക്കുമിടയിലുള്ള മേൽപ്പാലത്തിനു സമീപത്തെ സർവീസ് റോഡിലൂടെ ഗതാഗതം അസാധ്യമായതിനാലാണ് സർവീസുകൾ മങ്കൊമ്പ് വരെയായി ചുരുക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇതേ റോഡിൽകൂടി ആലപ്പുഴയിൽനിന്നുള്ള ബസുകൾ സർവീസ് നടത്തുന്നതിനു തടസമില്ലെന്നതാണ് വിചിത്രമായി തോന്നുന്നത്.