ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ തിളങ്ങിയ ആചാര്യൻ: ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ
1278708
Saturday, March 18, 2023 11:10 PM IST
ആലപ്പുഴ: ഞാൻ സെമിനാരിയിൽ വിദ്യാർഥിയും അധ്യാപകനും ആയിരിക്കെ പവ്വത്തിൽ പിതാവ് കെസിബിസി അധ്യക്ഷനായിരുന്നു. അന്നു തുടങ്ങിയതാണ് അടുപ്പവും സ്നേഹവാത്സല്യവും.
ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ ഇണങ്ങുകയും തിളങ്ങുകയും ചെയ്ത ആചാര്യനായിരുന്നു അദ്ദേഹം. ഈ സ്വഭാവം നിത്യജീവിതത്തിൽ സമന്വയിപ്പിച്ച് പെരുമാറാൻ സാധിച്ചതായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
സഭകളുടെ തനിമ കാത്തുസൂക്ഷിക്കാൻ വേണ്ടി നിലകൊണ്ടപ്പോൾ തന്നെ സഭകളുടെ കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി കഠിന പരിശ്രമം നടത്തി. ഔപചാരികതയേക്കാൾ അപ്പുറം അദ്ദേഹം വ്യക്തിപരമായ ബന്ധത്തിനു പ്രാധാന്യം നൽകി.
ഞാൻ മെത്രാനായ ശേഷം ആദ്യമായി പിതാവിനെ കാണാൻ ചെന്നപ്പോൾ എന്നെ ഓർമപ്പെടുത്തിയത് മെത്രാൻ സമിതികളിലും എല്ലാവരും ഒരുമിച്ചുവരുന്ന വേളകളിലും മുടങ്ങാതെ സംബന്ധിക്കണമെന്നായിരുന്നു. അത് വ്യക്തിപരമായി ചേർത്തുപിടിച്ച് എന്നോട് കാണിച്ച താത്പര്യമായിരുന്നു.
വ്യക്തിത്വത്തെ സ്വാധീനിക്കാനും ഏത് വിഷയവും സംശയലേശമന്യേ വ്യക്തമാക്കിത്തരാനും മനസിൽ പതിപ്പിക്കാനും അദ്ദേഹത്തിനു ഉണ്ടായിരുന്ന അസാധാരണ വൈഭവം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.