പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ
1265477
Monday, February 6, 2023 11:15 PM IST
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവൻ വണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ സുധീഷ് കുമാറിന്റെ മകൻ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തുപറമ്പിൽ വർഗീസ് ഫിലിപ്പിന്റെ മകൻ ഷാജി (49) എന്നിവരാ ണ് അറസ്റ്റിലായത്.
മാന്നാർ സ്വദേശിയായ പതിനാറു വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടിയെ അങ്കമാലിയിൽനിന്നും കണ്ടെത്തി. തുടർന്ന് പോലീസ് അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച പ്രതി അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ചു പീഡനം നടത്തിയതായി പോലിസ് പറഞ്ഞു.
വീട്ടിൽനിന്നും പോയശേഷം പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് ഷാജിയാണ്. മാന്നാർ പോലിസ് എസ്ഐ അഭിരാം, എസ്ഐ ശ്രീകുമാർ, അഡിഷണൽ എസ് ഐ ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരി പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.