രാധയ്ക്കു വീടൊരുക്കി റോട്ടറി ക്ലബ്
1265419
Monday, February 6, 2023 10:54 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന കുടുംബത്തിലെ പുന്നമട വാർഡിലെ പി. രാധയുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. രാധയുടെ ഭർത്താവ് 12 വർഷം മുമ്പ് മരണപ്പെട്ടു. പിന്നീട് ഏക ആശ്രയമായ മകൻ രണ്ടു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. മകന്റെ മരണത്തെത്തുടർന്ന് കിട്ടിയ പണം കൊണ്ട് രാധ അഞ്ചു സെന്റ് സ്ഥലം വാങ്ങി.
രണ്ടു വർഷമായി വീടിന്റെ ആവശ്യവുമായി പല വാതിലുകളും മുട്ടി. ഇപ്പോൾ റോട്ടറി ക്ലബ് ഓഫ് ആലപ്പി രാധയുടെ സാഹചര്യം മനസിലാക്കി വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിച്ചു. വീടിന്റെ കല്ലിടൽ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, അസിസ്റ്റന്റ് ഗവർണർ കെ.ജി. ഗിരീശൻ, ലഫ്റ്റർനെന്റ് ഗവർണർ ജോർജ് തോമസ്, ശ്രീലേഖ, ഗോപിനാഥൻ നായർ, ആന്റണി മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.