കോട്ടയ്ക്കൽ കടവ് റോഡിനു ശാപമോക്ഷം
1263932
Wednesday, February 1, 2023 10:13 PM IST
മാന്നാർ: പഞ്ചായത്ത്-കോട്ടയ്ക്കൽ കടവ് റോഡിനു ശാപമോക്ഷം. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ ആറ്, ഏഴ്, എട്ട് വാർഡുകളിൽ കൂടി കടന്നുപോകുന്ന വർഷങ്ങളായി തകർന്നുകിടന്ന കോട്ടയ്ക്കൽ കടവ് റോഡിന്റെയും കലുങ്കിന്റെയും നിർമാണം തുടങ്ങി. പഞ്ചായത്ത് ഓഫീസിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ കോട്ടയ്ക്കൽ കടവ് പാലത്തിലാണ് സമാപിക്കുന്നത്. പരുമലപ്പള്ളി, പമ്പാകോളജ്, പരുമല ആശുപത്രി, പനയന്നാർകാവ് ദേവീക്ഷേത്രം തുടങ്ങിയിടങ്ങളിലേക്ക് പോകാൻ ഈ റോഡിനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. വളരെ നാളുകളായി റോഡ് തകർന്ന് ഗതാഗതം താറുമാറായിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു.