ടെട്രാപോഡ് ഇടുമെന്ന എംഎൽഎയുടെ പ്രഖ്യാപനം തിരയിൽ മുങ്ങി
1263668
Tuesday, January 31, 2023 10:29 PM IST
അമ്പലപ്പുഴ: തീരവാസികൾക്കായുള്ള എംഎൽഎയുടെ പ്രഖ്യാപനം ഫലം കണ്ടില്ല. കടൽക്ഷോഭ ബാധിത പ്രദേശത്തെ തീരസംരക്ഷണം കടലാസിൽ മാത്രമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരവാസികളെ സംരക്ഷിക്കാൻ അടിയന്തരമായി ടെട്രാപോഡുകൾ നിരത്തിത്തുടങ്ങിയെന്നാണ് എച്ച്. സലാം എംഎൽഎ കഴിഞ്ഞ ദിവസം അറിയിച്ചത്.
13 വീടുകൾ
കഴിഞ്ഞ ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭം മൂലം വാർഡിൽ 13 വീടുകളാണ് തകർന്നത്. ഈ കുടുംബങ്ങളെ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുകയാണ്. കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഇവിടെ അടിയന്തരമായി ടെട്രാപോഡുകൾ നിരത്തിത്തുടങ്ങിയെന്ന് എംഎൽഎ അറിയിച്ചത്. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും ഒരു കല്ലു പോലും ഇവിടെ നിരത്തിയിട്ടില്ല.
43 കോടി പോരെന്ന്
പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമാണത്തിന് 43 കോടി രൂപ അനുവദിച്ചെന്നാണ് പ്രഖ്യാപനമുണ്ടായത്. എന്നാലിപ്പോൾ ഇവിടെ കടലിന് ആഴം കൂടുതലായതിനാൽ ഈ തുക മതിയാകാതെ വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ തുക അനുവദിപ്പിക്കാനായി ശ്രമം തുടങ്ങിയെന്നും പറയുന്നു. ഇതോടെ രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന ഈ പ്രദേശത്തു തീരസംരക്ഷണ പ്രവർത്തനം എന്നാരംഭിക്കുമെന്ന് ഒരുറപ്പുമില്ല.
ഇവിടെ 300 മീറ്റർ ദൂരത്താണ് കടൽഭിത്തിയില്ലാത്തത്. ഈ പ്രദേശത്തിനുള്ളിൽ നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമാണ്. കടൽഭിത്തിയില്ലാത്ത ഭാഗത്ത് ഇനിയും വീടുകൾ തകർന്നുവീഴുമോയെന്ന ആശങ്കയിലാണ് താമസക്കാർ. പല വീടുകളും തകർച്ചാഭീഷണിയിലാണ്.