വികസനം പ്രദേശത്തിന്റെ അവസ്ഥ പരിശോധിച്ചും പരിഗണിച്ചുമായിരിക്കണം: കുശല രാജേന്ദ്രന്
1263034
Sunday, January 29, 2023 9:43 PM IST
ആലപ്പുഴ: വികസനം ആവശ്യമാണ്, എന്നാല്‍, അതതു സ്ഥലത്തെ അവസ്ഥ പരിഗണിച്ചും പരിശോധിച്ചും കൊണ്ടായിരിക്കണമെന്ന് ഭൗമ ശാസ്ത്രജ്ഞയും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മുന്‍ പ്രഫസറുമായ ഡോ. കുശല രാജേന്ദ്രന്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ എസ്ഡി കോളജില്‍ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിന്നു അവര്‍.
വേനലായാല്‍ കുട്ടനാട്ടില്‍ ജലക്ഷാമം രൂക്ഷമാകും. ചെറിയ മഴ പെയ്താല്‍പ്പോലും വെള്ളപ്പൊക്കവും. ജലം ശത്രുവായി മാറുന്ന അവസ്ഥയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കൂടിവരുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിനു വഴിയില്ലാതാകുന്നു. പാരമ്പര്യരീതിയിലുള്ള നിര്‍മാണമായിരുന്നു കുട്ടനാടിനെ സവിശേഷമാക്കിയിരുന്നത്.
മുന്‍പ് എക്കലടിഞ്ഞു മണ്ണ് ഫലഭൂയിഷ്ടമായതുകൊണ്ട് വെള്ളപ്പൊക്കത്തെ സ്വാഗതം ചെയ്യുമായിരുന്നു. ഇന്നു തോടുകളില്ല. അതിനാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടു. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന മറ്റ് രാജ്യങ്ങള്‍ എന്തു ചെയ്യുന്നു എന്നാലോചിക്കുമ്പോള്‍ കുട്ടനാടിന് സമാനമായ ഒരു പ്രദേശമില്ലെന്നും ഡോ. കുശല കൂട്ടിച്ചേർ ത്തു. പ്രശ്ന പരിഹാരത്തിനായി പരിസ്ഥിതിക്കു കോട്ടം തട്ടാത്ത പ്രവര്‍ത്തനങ്ങളുമായി യുവാക്കള്‍ മുന്നിട്ടിറങ്ങണം-അവര്‍ പറഞ്ഞു.
പരിഷത്ത് വിഷയ സമിതി ചെയര്മാന് ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.ജിജു പി. അലക്സ്, കുസാറ്റ് അസി. പ്രഫ. ഡോ.എസ്. അഭിലാഷ് എന്നിവര്‍ മുഖ്യ വിഷയാവതരണം നടത്തി. തുടര്‍ന്ന് കാര്‍ഷിക മേഖല, മത്സ്യമേഖല, ടൂറിസം, കുട്ടനാടിന് അന്നുയോജ്യമായ നിര്‍മിതികള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, നീര്ഗമനം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമാന്തര സെഷനുകള്‍ നടന്നു. പ്ലീനറി സെഷനില്‍ പ്രഫ. പി.കെ. രവീന്ദ്രന്, ഡോ.കെ.വി. തോമസ്, വി.കെ. മധുസൂദനന്, ഡോ. വി.എന്‍. ജയചന്ദ്രന്, ഡോ.ടി. പ്രദീപ്, ദൃശ്യാവിശ്വന് എന്നിവര്‍ അടങ്ങിയ പാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
ഡോ. സ്മിത പി. നായര്‍, ഡോ.കെ. രോഷ്നി, രോഹിത് ജഫ്, ഡോ.എന്‍. സുനില്‍കുമാര്‍, ഡോണ്‍ എമില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ ജയന് ചമ്പക്കുളം സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍. ജയന് നന്ദിയും പറഞ്ഞു.