കൊച്ചിയുടെ ജെട്ടി പാലത്തിൽനിന്നു ചാടിയാളെ കണ്ടുകിട്ടിയില്ല
1227259
Monday, October 3, 2022 10:57 PM IST
ഹരിപ്പാട്: കൊച്ചിയുടെ ജെട്ടി പാലത്തിന്റെ മുകളിൽനിന്നു കായലിലേക്കു ചാടിയയാളെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 10 നാണ് 50 വയസ് പ്രായം വരുന്ന ആൾ പാലത്തിന്റെ മുകളിൽ കയറി താഴേക്കു ചാടിയത്. പാലത്തിൽനിന്നു ചൂണ്ടയിട്ട് കൊണ്ടിരുന്നവരാണ് സംഭവം കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കണ്ടല്ലൂർ സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
കായംകുളത്തുനിന്നു ഫയർഫോഴ്സ് എത്തി ഉച്ചവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഹരിപ്പാട് ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്നു മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘമെത്തി ഇവരോടൊപ്പം ചേർന്ന് വൈകുന്നേരം അഞ്ചുവരെ തിരഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. ഏറ്റം മൂലം ഒഴുക്ക് ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. അടിയൊഴുക്ക് ശക്തമാണെന്നും മൃതദേഹം ദൂരേക്ക് ഒഴുകി മാറാനുള്ള സാധ്യത ഏറെയാണെന്നും ഫയർഫോഴ്സ് സംഘം പറഞ്ഞു.