അനധികൃത മദ്യവില്പന: പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു
1227249
Monday, October 3, 2022 10:55 PM IST
മാന്നാർ: പോലീസ് സംഘത്തെ കണ്ട് അനധികൃതമായി മദ്യക്കച്ചവടം നടത്തിയവർ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ചെന്നിത്തല വെട്ടത്തുവിള സ്കൂളിനു പടിഞ്ഞാറ് തോട്ടങ്കര കലുങ്കിന്റെ സമീപത്താണ് അനധികൃത മദ്യക്കച്ചവടം നടന്നുവന്നിരുന്നത്.
പ്രദേശത്ത് അനധികൃത മദ്യ വില്പന നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസെത്തിയത്. ഒരു ലിറ്റർ, അര ലിറ്റർ കുപ്പികളിലായി ലഭിക്കുന്ന വിദേശമദ്യമാണ് ഇവർ പലഭാഗങ്ങളിലായി വിൽപ്പനയും വിതരണവും നടത്തിയിരുന്നത്.
മദ്യക്കച്ചവടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഈ വഴിയിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇവിടെനിന്ന് മദ്യപിക്കുന്ന സംഘം പിന്നീട് അസഭ്യവർഷം നടത്തുന്നതും പതിവായിരുന്നു. മദ്യസംഘത്തിന്റെ ശല്യം ഏറിയതോടെയാണ് നാട്ടുകാർ സംഘടിച്ച് മാന്നാർ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മദ്യ ക്കുപ്പികൾ ഉപേക്ഷിച്ച് വിതരണക്കാർ ഓടി രക്ഷപ്പെട്ടു. അടുത്തിടെ സമീപത്തുള്ള വീട്ടിൽനിന്നും വ്യാജ സ്പിരിറ്റ് പോലീസ്-എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.