ദമ്പതിമാരെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ
1225586
Wednesday, September 28, 2022 10:47 PM IST
കായംകുളം: ദമ്പതിമാരെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. കായംകുളം പത്തിയൂർ എരുവ ഷാലിമാർ വീട്ടിൽ ആദിലി (20) നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് വൈകിട്ട് 5.15ന് എരുവ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിനെ കാറിൽ വന്ന പ്രതികൾ ഓവർടേക്ക് ചെയ്തത് ചോദ്യം ചെയ്ത സമയം പ്രതികൾ കാർനിർത്തി ഇറങ്ങി യുവതിയെയും ഭർത്താവിനെയും ബുള്ളറ്റിൽനിന്നു ചവിട്ടി താഴെയിടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിനുശേഷം ദമ്പതികൾ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സതേടിയതറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
മൂന്നാം പ്രതിയായ ആദിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുള്ള ആളാണന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നാം പ്രതിയായ ആദിലിന്റെ സഹോദരനുൾപ്പെടെയുള്ള ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കായംകുളം പോലീസ് അറിയിച്ചു.