കുടിവെള്ളവിതരണം താറുമാറായതായി പരാതി
1225265
Tuesday, September 27, 2022 10:51 PM IST
മങ്കൊമ്പ്: എസി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് രാമങ്കരിയിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനിൽ നിർമാണ കമ്പനി വരുത്തിയ പരിഷ്കാരം കാരണം ഉൾപ്രദേശങ്ങളിൽ വാട്ടർ അഥോറിറ്റിയിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം പോലും ഇല്ലാതായെന്നു പരാതി.
നേരത്തെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതോടൊപ്പം, നിലവിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. രാമങ്കരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുതുക്കരി, തെക്കേ പുതുക്കരി, അമ്പലംതറ, പുതുവൽ പുതുക്കരി കോളനി, നൂറിൽചിറ, നാഗവള്ളി, ഊരുക്കരി കനത്താരി, വേഴപ്ര മുന്നൂറിൻചിറ, അരികോടിച്ചിറ, മണലാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.
പമ്പിംഗ് ആരംഭിച്ചതോടെ പാടശേഖത്തിൽനിന്ന് വിഷലിബ്ധവും ചെളിനിറഞ്ഞതുമായ വെള്ളമാണ് തോടുകളിൽ നിറഞ്ഞൊഴുകുന്നത്. മടവല നിരോധിച്ചതിനാൽ വെള്ളത്തിനൊപ്പം ചത്തൊഴുകുന്ന മത്സ്യങ്ങളും ദുർഗന്ധം പരത്തി തോട്ടിലൊഴുകുന്നു. ഇതോടെ തോടുകളിലെ വെള്ളം പ്രാഥമികാവശ്യങ്ങൾക്കു പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
എങ്കിലും നിവൃത്തിയില്ലാതെ തോടുകളിലെ വെള്ളമുപയോഗിക്കുന്നവർ ജലജന്യരോഗങ്ങളുടെ ഭീഷണിയിലാണ്. പലർക്കും വയറ്റിലസുഖവും ത്വക്ക് രോഗങ്ങളും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. നേരത്തെ 400 എംഎം വ്യാസമുള്ള കാസ്റ്റയൺ പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിരുന്നത്.
എന്നാൽ, ഇതു മാറ്റി 160 എംഎം പിവിസി പൈപ്പുകൾ സ്ഥാപിച്ചതോടെയാണ് നേരത്തെ കിട്ടിയിരുന്ന പ്രദേശങ്ങളിൽ പോലും കുടിവെള്ള വിതരണം തകരാറിലായതെന്നു നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനൊപ്പം, മാറ്റിയ പൈപ്പ് ലൈനുകൾ പൂർവസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകാൻ നടപടി സ്വീകരിക്കണമെന്ന്് ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രമോദ് ചന്ദ്രൻ ആവശ്യപ്പെട്ടു.