നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി
1224192
Saturday, September 24, 2022 11:06 PM IST
നീലംപേരൂര്‍: പൂരപൊന്പ്രഭയില് പടയണിക്കളത്തില്‍ നിറഞ്ഞാടിയ വലിയന്നങ്ങളുടെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി. ഒരു ഗ്രാമത്തിന്റെ ആവേശവും അനുഷ്ഠാനങ്ങളും നിറയെ കണ്‍കുളിര്‍ത്ത് കണ്ട ആവേശത്തിലാണ് നൂറ് കണക്കിന് ഭക്തജനങ്ങള്‍. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ടു ഇടത്തരം അന്നങ്ങളും 90 ചെറിയന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. 30 അടി ഉയരമുള്ള ഒരു വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ഇടത്തരം അന്നങ്ങളും 90 ചെറിയ അന്നങ്ങളും പടയണികളത്തില്‍ എത്തി.
അരയന്നങ്ങള്‍ക്കൊപ്പം എട്ടര അടി ഉയരമുള്ള നീലംപേരൂര്‍ നീലകണ്ഠന് എന്ന കരക്കാര് വിളിക്കുന്ന പൊയ്യാന, നാഗയക്ഷി ഭീമസേനന്, രാവണന്, ഹനുമാന്, അംബലക്കോട്ട എന്നീ പതിവ് കോലങ്ങള്‍ക്ക് പുറമേ ഇത്തവണ അര്‍ദ്ധനാരീശ്വരന്‍, മാര്‍ക്കണ്ഡേയചരിതം, സ്വാതന്ത്ര്യത്തിൻെറ 75-ാം വാര്‍ഷികം ഓര്‍മിപ്പിച്ച് സൈനികരുടെ കോലവും പീരങ്കിയും ഭാരതത്തിൻെറ മാപ്പും പുതിയ കോലങ്ങളായി പടയണി കളത്തില്‍ എത്തി.
പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പ് വിളികളോടെയാണ് കോലങ്ങളെ എതിരേറ്റത്. ആല്‍ത്തറയില്‍നിന്ന് ചൂട്ടുകറ്റുകളുടെ പ്രഭയില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് അന്നങ്ങള്‍ ദേവി നടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ഇടത്തരം അന്നങ്ങളും മറ്റു കോലങ്ങളും പടയണി കളത്തില്‍ എത്തിയതിനുശേഷം സിംഹം എഴുന്നള്ളിയതോടെ ആര്‍പ്പുവിളികളോടെ നൂറുകണക്കിനാളുകള്‍ എതിരേറ്റു.