മാന്നാറിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ
1224175
Saturday, September 24, 2022 11:02 PM IST
മാന്നാർ: പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി.11, 12, 15, 16 വാർഡുകൾക്കായി മാന്നാർ കുന്നത്തൂർ സബ് സെന്ററിലെ ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർ അമ്പിളി നായ്ക്കൾക്ക് വാക്സിൻ നൽകി. 1, 2, 3 വാർഡുകൾക്കായി വള്ളക്കാലിവിളയിൽ കുന്നേൽ ജംഗ്ഷനിലും ക്യാമ്പ് നടന്നു.
രണ്ട് ക്യാമ്പുകളിലായി ഇരുന്നൂറോളം വളർത്തു നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകി. പഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, ശിവപ്രസാദ്, സുജാത മനോഹരൻ, സുനിതാ ഏബ്രഹാം, സലീന നൗഷാദ് തുടങ്ങിയവർ നേതൃത്വം നല്കി. ഇന്നു മാന്നാർ മൃഗാശുപത്രിയിൽ 7, 8, 9, 10 വാർഡുകൾക്കും, വലിയകുളങ്ങര സബ് സെന്ററിന് സമീപം 13, 14 വാർഡുകൾക്കും തിങ്കളാഴ്ച കുറ്റിയിൽ മുക്ക് സബ് സെന്ററിന് സമീപം 4, 17, 18 വാർഡുകൾക്കും കുരട്ടിക്കാട് സബ് സെന്ററിന് സമീപം 5, 6 വാർഡുകൾക്കും വാക്സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. അതത് വാർഡുകളിലെ വളർത്തുനായ്ക്കളുമായി കേന്ദ്രത്തിലെത്തി വാക്സിൻ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.