എംസിഎഫ് സ്ഥാപിക്കുന്നതിനെതിരേ രാമൻചിറ സംരക്ഷണസമിതി
1600247
Friday, October 17, 2025 3:54 AM IST
പത്തനംതിട്ട: കുളനട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പ്രധാന ജലസ്രോതസായ രാമന്ചിറയ്ക്കു സമീപം 40 ലക്ഷം രൂപയുടെ എംസിഎഫ് (മെറ്റീരിയ ൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ചിറ സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിജെപി ഭരണം നടത്തുന്ന കുളനട പഞ്ചായത്തിന്റെ ജനവിരുദ്ധ പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആറ് ഏക്കറോളം വിസ്തൃതിയുള്ള രാമൻചിറ ജലാശയത്തിനു സമീപം മാലിന്യ നിക്ഷേപകേന്ദ്രം സ്ഥാപിച്ചാല്‍ ചിറയിലെ ജലം മലിനമാകുകയും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കടുത്ത വേനലിൽ പോലും വറ്റാത്ത ജലസ്രോതസാണ് രാമൻചിറയെന്ന് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഈ ജലസ്രോതസിനെ ആശ്രയിച്ചാണിരിക്കുന്നത്.
ചിറയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് അമൃത സരോവർ പദ്ധതിയിൽനിന്നും 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് ചിറ നവീകരിച്ചിരുന്നു. നവീകരണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്. പരിസരവാസികളുമായി യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ചിറയ്ക്കു സമീപം എംസിഎഫ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും ഇവിടെ ശേഖരിച്ചുകൊണ്ടുവന്ന് സംഭരിക്കാനുളള നീക്കമാണ് നടത്തുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ചിറയ്ക്കു സമീപമുള്ള പാലമരം സമീപത്തെ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ യക്ഷിയമ്മ പ്രതിഷ്ഠയുമായി ബന്ധമുള്ളതും പ്രത്യേക ആചാരങ്ങൾ നടത്തുന്നതുമാണ്. ഈ പാലമരത്തോടു ചേർന്നാണ് മാലിന്യ സംഭരണ കേന്ദ്രത്തിനായി ്രാമപഞ്ചായത്ത് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഐതിഹ്യപരമായും രാമൻചിറയ്ക്കു ബന്ധമുണ്ട്.
ഇക്കാര്യം അറിയിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മോശമായി പെരുമാറിയെന്നും ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാമൻചിറയെ മലിനപ്പെടുത്തി മാലിന്യസംഭരണം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സംരക്ഷണസമിതി. സംരക്ഷണസമിതി ചെയര്മാന് ദിലീപ് സതീശ്, കണ്‍വീനര്‍ സിന്ധുധരൻ, കെ. വത്സല എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.