ജില്ലാ സ്കൂൾ കായിക മേള : പുല്ലാട് ഉപജില്ലയ്ക്ക് കായിക കിരീടം
1600231
Friday, October 17, 2025 3:41 AM IST
കൊടുമൺ: ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ല 284 പോയിന്റുമായി ചാമ്പ്യൻമാരായി. 39 സ്വർണവും 20 വെള്ളിയും 16വെങ്കലവും പുല്ലാട് നേടി. കഴിഞ്ഞ തവണയും പുല്ലാട് ഉപജില്ലയ്ക്കായിരുന്നു കിരീടം.
137 പോയിന്റുമായി രണ്ടാം സ്ഥാനം പത്തനംതിട്ട ഉപജില്ലയ്ക്കാണ്. 12 സ്വർണവും 11 വെള്ളിയും 14 വെങ്കലവുംപത്തനംതിട്ടയ്ക്കു ലഭിച്ചു. 113 പോയിന്റുമായി റാന്നിയാണ് മൂന്നാമത്. 11 സ്വർണവും 11 വെള്ളിയും10 വെങ്കലവും റാന്നി ഉപജില്ലയ്ക്കു ലഭിച്ചു. ഇരവിപേരൂർ സെന്റ് ജോൺസ്, കുറിയന്നൂർ മാർത്തോമ്മാ സ്കൂളുകൾ നേടിയ മെഡലുകളുടെ കരുത്തിലാണ് പുല്ലാട് ഉപജില്ല ഇക്കുറിയും കിരീടം നിലനിർത്തിയത്.
വീണ്ടും ഇരവിപേരൂർ സെന്റ് ജോൺസ്
സ്കൂൾ വിഭാഗത്തിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസ് 158 പോയിന്റുമായി തുടർച്ചായ പതിനാറാം തവണയും ഓവറോൾ കിരീടം നേടി. 25 സ്വർണവും 10 വെള്ളിയും മൂന്ന് വെങ്കലവുമാണ് സ്കൂൾ നേടിയത്. പുല്ലാട് ഉപജില്ലയിലെതന്നെ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ 94 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.
11 സ്വർണവും ഒന്‍പത് വെള്ളിയും12 വെങ്കലവും കുറിയന്നൂർ നേടി. 46 പോയിന്റുമായി റാന്നി എംഎസ്എച്ച്എസ്എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴ് സ്വർണവും മൂന്ന് വെളളിയും രണ്ട് വെങ്കലവുമാണ് എംഎസ് സ്കൂൾ കരസ്ഥമാക്കിയത്.
ഉപജില്ലാ പോയിന്റ് നില:
(സ്വർണം, വെള്ളി, വെങ്കലം - പോയിന്റ് ക്രമത്തിൽ)
പുല്ലാട് 39, 20, 16 - 284
പത്തനംതിട്ട 12, 11, 14 -137
റാന്നി 11, 11, 10 -113
തിരുവല്ല 5, 14, 18 - 96
കോന്നി 8, 5, 5 - 60
വെണ്ണിക്കുളം 1, 8, 10 - 51
കോഴഞ്ചേരി 7, 5,1 - 51
അടൂർ 4, 7, 5 - 49
ആറൻമുള 4, 7, 6 - 47
മല്ലപ്പള്ളി 3, 4, 5 - 33
പന്തളം 0, 2, 4 - 15
സ്കൂളുകളുടെ പോയിന്റ് നില
(സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)
സെന്റ് ജോൺസ് എച്ച്എസ്എസ്, ഇരവിപേരൂർ 25, 10, 3 -158
എംടി എച്ച്എസ്, കുറിയന്നൂർ 11 , 9, 12 - 94
എംഎസ് എച്ച്എസ്എസ്, റാന്നി 7, 3, 2 - 46
ഗവ. എച്ച്എസ്എസ്, കോന്നി 4, 3, 1 - 30
എസ്വി ജിവിഎച്ച് എസ്എസ്, കിടങ്ങന്നൂർ 2, 5, 4 - 29
സെന്റ് ബഹനാൻസ് എച്ച്എസ്, വെണ്ണിക്കുളം 1, 5, 5 - 25
എസ് സിഎസ് എച്ച്എസ്എസ്, തിരുവല്ല 0, 6, 4 - 22
എസ്എച്ച് എച്ച്എസ്എസ്, മൈലപ്ര 1 , 4, 2 -19
എസ്എൻവി എച്ച്എസ്എസ് അങ്ങാടിക്കൽ 2, 2, 2 -18
മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വടശേരിക്കര 1, 4, 1 -18
ഹാമറായാലും ഷോട്ടായാലും ദേവനന്ദ എറിഞ്ഞു നേടും
കൊടുമണ്‍: ത്രോ ഇനം ഹാമറോ ഷോട്ട്പുട്ടോ ആകട്ടെ, കുറിയന്നൂര്‍ എംടിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി എസ്. ദേവനന്ദയ്ക്ക് അതു പുഷ്പംപോലെയാണ്. ഹാമര്‍ ത്രോയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഷോട്ട്പുട്ടില്‍ രണ്ടാം തവണയുമാണ് ദേവനന്ദ ഒന്നാം സ്ഥാനം നേടുന്നത്. കായികതാരമായ മാതാവ് സിന്ധുവിന്റെ പാത പിന്തുടര്ന്നാണ് ദേവനന്ദ കായിക രംഗത്ത് എത്തിയത്.
സിന്ധു സ്കൂള്‍ കായികമേളയില്‍ 1400, 100, 200 മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ചിട്ടുള്ളയാളാണ്. പിതാവ് ബിജു നാടുവിലയ്യത്ത് മെഴുവേലിയില്‍ പ്ലൈവുഡ് കടയിലെ ഗ്ലാസ് കട്ടറാണ്. അമല്‍ സന്തോഷ്, ശിവശങ്കര്‍ എന്നിവരാണ് പരിശീലകര്‍. സഹോദരന്: ആരോമല്‍.
ക്രോസ് കൺട്രിയിൽ നാലാമതും രേവതി
കൊടുമൺ: സീനിയർ വിഭാഗം നാല് കിലോ മീറ്റർ ക്രോസ് കൺട്രിയിൽ നാലാം തവണയും രേവതി രാജപ്പൻ മുന്നിലെത്തി. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിനിയാണ് രേവതി. സ്വയം പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
3000 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 1500 മീറ്ററിൽ മൂന്നാം സ്ഥാനവുമുണ്ട്. ദീർഘദൂര ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രേവതിയുടെ താത്പര്യമെങ്കിലും പരിശീലനത്തിന്റെ അഭാവം വെല്ലുവിളിയാണ്. പുല്ലാട് പുരയിടത്തുകാവ് ആശാരിപറമ്പിൽ രാജപ്പൻ ആചാരിയുടെയും സരോജനിയുടെയും മകളാണ്.