പുല്ലാട് സഹകരണ ബാങ്ക് പടിക്കൽ വയോധികനും കുടുംബവും സത്യഗ്രഹം തുടങ്ങി
1600087
Thursday, October 16, 2025 3:46 AM IST
പുല്ലാട്: നിക്ഷേപത്തുകയും ചിട്ടി പിടിച്ച തുകയും നൽകാത്തതിനെതിരേ സഹകരണ ബാങ്ക്
പടിക്കൽ വയോധികനും കുടുംബവും സത്യഗ്രഹം ആരംഭിച്ചു. പുല്ലാട് 15 ാം നന്പർ സഹകരണ ബാങ്കിനു മുന്പിലാണ് ഇന്നലെ സമരം തുടങ്ങിയത്.
പുല്ലാട് കുറങ്ങഴക്കാവ് ഗൗരി സദനത്തിൽ പി.കെ.ഗോപാലകൃഷ്ണൻ നായർ, ഭാര്യ ചന്ദ്രമതിയമ്മ, മകൻ അജീഷ് കുമാർ എന്നിവരാണ് സമരം ആരംഭിച്ചത്. ഇവർക്ക് നിക്ഷേപത്തുകയും ചിട്ടിത്തുകയും ഉൾപ്പെടെ 20 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ഇവരറിയാതെ തുക പുതുക്കി നിക്ഷേപിക്കുകയും അനുവാദം ഇല്ലാതെ ചിട്ടി പിടിച്ച് ഭരണ സമിതി ചെലവഴിക്കുകയും ചെയ്തുവെന്നാണ് പരാതി.
കോൺഗ്രസ് നേതാവ് അനീഷ് വരിക്കണ്ണാമലയാണ് ബാങ്ക് പ്രസിഡന്റ്. ഭരണസമിതിയുടെ സാന്പത്തിക അച്ചടക്കമില്ലായ്മയാണ് ദുരവസ്ഥയ്ക്കു കാരണമെന്ന് നിക്ഷേപകർ ആരോപിച്ചു.