ഡേവിഡ് കോർ എപ്പിസ്കോപ്പയുടെ ചരമ സുവർണജൂബിലി നാളെ
1600239
Friday, October 17, 2025 3:41 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിച്ചയാളും മുൻ മലങ്കര അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ചന്ദനപ്പള്ളി മാവേലിൽ കെ. ഡേവിഡ് കോർ എപ്പിസ്കോപ്പയുടെ ചരമ സുവർണ ജൂബിലി ആചരണം നാളെ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. ദാവീദച്ചൻ എന്ന പേരിൽ എഴുത്തുകാരനും അധ്യാപകനുമായി അദ്ദേഹം അറിയപ്പെട്ടിരുന്നതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ ആറിന് പ്രാർഥനയേത്തുടർന്ന് ഏഴിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.
9.15ന് അനുസ്മരണ സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭഷണം നടത്തും.
ഡേവിഡ് കോർ എപ്പിസ്കോപ്പയുടെ ജീവിത ചരിത്രരേഖ ഫാ. ജോബ് സാം മാത്യു അവതരിപ്പിക്കും. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഡോ. കുര്യൻ തോമസ്, ഡോ. ചെറിയാൻ തോമസ്, ഫാ. സുനിൽ ഏബ്രഹാം, ബാബുജി കോശി തുടങ്ങിയവർ പ്രസംഗിക്കും.