ദേ, കാട്ടാന ഇങ്ങെത്തി ...വടശേരിക്കര ടൗണിനടുത്തും വിളയാട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു
1599556
Tuesday, October 14, 2025 2:25 AM IST
വടശേരിക്കര: കാടുവിട്ട് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം വടശേരിക്കര ടൗണിലേക്കും. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ മുന്പ് നാശം വരുത്തിയിരുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി കല്ലാറിന്റെ തീരത്തുകൂടി വടശേരിക്കര വില്ലേജ് ഓഫീസും കടന്ന് ടൗണിനു 200 മീറ്റർ അകലെ വരെ എത്തി.
കടന്നുവന്ന ഭാഗങ്ങളിലെല്ലാം വൻ തോതിൽ നാശം വരുത്തിയാണ് ഇവ എത്തിയത്. ഇതാദ്യമായാണ് കാട്ടാനകൾ ടൗണിനോടടുത്ത പ്രദേശങ്ങളിലെത്തുന്നത്.
ഇടത്താവളം ഒരുക്കുന്നിടം
മണ്ണാറക്കുളഞ്ഞി - പന്പ ശബരിമല പാതയിലെ പ്രധാന ടൗണാണ് വടശേരിക്കര.
ചെറുകാവ് ക്ഷേത്രത്തിനു സമീപം തീർഥാടനകാലത്ത് താത്കാലിക പോലീസ് സ്റ്റേഷനും തീർഥാടകർക്ക് ഇടത്താവളവും കുളിക്കടവുകളും ഒക്കെ ഒരുക്കുന്ന ഭാഗത്താണ് കാട്ടാന എത്തിയിരിക്കുന്നത്. മുന്പ് ബൗണ്ടറി ഭാഗത്താണ് ഇവ ഏറെയും എത്തിയിരുന്നത്. കഴിഞ്ഞ വർഷം മുതൽ ബൗണ്ടറി കടന്ന് ഇവ ജനവാസ മേഖലകളിലേക്കു കയറിത്തുടങ്ങിയിരുന്നു.
ഒളികല്ല് മേഖലയിൽ സ്ഥിരവാസമാക്കിയ കാട്ടാനകൾ ഇതുവഴി വടശേരിക്കര ഭാഗത്തേക്ക് എത്തുകയായിരുന്നു. ശബരിമല തീർഥാടനകാലം ആകുന്പോഴേക്കും തിരക്ക് വർധിക്കുമെന്നതിനാൽ ആനകളുടെ സാന്നിധ്യം ഏറെ ബുദ്ധിമുട്ടാകും. തിരക്കേറിയ പാതയിലേക്ക് ആന കയറുന്ന സാഹചര്യമുണ്ടായാൽ ഭീഷണി ഇരട്ടിയാകും.
കൃഷി നശിപ്പിച്ചു
കാട്ടാനകൾ വടശേരിക്കര ഭാഗത്തെ നിരവധി കൃഷിയിടങ്ങളിൽ നാശം വരുത്തി. ഏക്കർ കണക്കിനു സ്ഥലത്തെ വാഴ, മരച്ചീനി, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളാണ് വ്യാപകമായി നശിപ്പിച്ചത്. കിഴങ്ങുവർഗങ്ങൾ അടക്കമുള്ള കൃഷിയും തെങ്ങ്, കമുക് തുടങ്ങിയവയും നശിപ്പിച്ചു.
പേഴുംപാറ സ്വദേശി റെജി പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന പരുവാനിക്കൽ കൃഷിയിടം ആന പൂർണമായി തകർത്തു. തുണ്ടിയിൽ പാപ്പച്ചന്റെ കൃഷിയിടത്തിലും നാശം വരുത്തി. സമീപത്തെ ഒരു വീടിന്റെ സിസിടിവി കാമറകൾക്കും കേടുപാടുകൾ വരുത്തി. രാത്രിയിൽ നാശം വിതച്ചെത്തിയ കാട്ടാന നേരം പുലർന്നിട്ടും കാടു കയറാതിരുന്നത് പ്രദേശത്തു ഭീതി പരത്തി. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ഏറെപ്പേരും കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. കാടുകയറി കിടക്കുന്ന ഇത്തരം സ്ഥലങ്ങൾ കാടിറങ്ങുന്ന മൃഗങ്ങൾക്കു താവളമാകുകയുമാണ്.
ഭീതിയോടെ യാത്ര
ആനയുടെ ശല്യം കാരണം സന്ധ്യ മയങ്ങിയാൽ വടശേരക്കര നിവാസികൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. പഞ്ചായത്ത് പ്രദേശത്തിലെ ഒട്ടുമിക്ക ഗ്രാമീണ വഴികളും രാത്രിയിൽ കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്. തലച്ചിറ, കുന്പളത്താമൺ, ഒളികല്ല്, ബൗണ്ടറി മേഖലകളിൽ വൈകുന്നേരം ആറിനു ശേഷം യാത്ര തന്നെ അസാധ്യമാണ്. കാൽനടക്കാരും ഇരുചക്രവാഹന യാത്രികരും പലപ്പോഴും ആനകളുടെ മുന്നിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ട്.
ആന ഇറങ്ങുന്ന വിവരം ലഭിച്ചാൽ വനപാലകർ എത്തി പടക്കം പൊട്ടിച്ചും മറ്റും ഇവയെ തുരത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥർ മടങ്ങുന്നതോടെ ആന തിരിച്ചെത്തുന്ന സ്ഥിതിയാണ്.