നറുക്കെടുപ്പ്: കശ്യപ് വര്‍മയും മൈഥിലിയും ശബരിമലയിലേക്ക്
1600233
Friday, October 17, 2025 3:41 AM IST
പന്തളം: നാളെ ശബരിമല സന്നിധാനത്തു പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരം നിയോഗിച്ച കുട്ടികള്‍ ഇന്ന് യാത്രതിരിക്കും. കശ്യപ് വര്‍മ, മൈഥിലി കെ. വര്‍മ എന്നിവരുടെ പേരുകളാണ് ഇക്കുറി പന്തളം കൊട്ടാരം വലിയ തമ്പുരാന് തിരുവോണംനാള് രാമവര്‍മ രാജ അംഗീകരിച്ചു നല്‍കിയത്.
2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടികളെ പന്തളം കൊട്ടാരം നറുക്കെടുപ്പിനായി അയയ്ക്കുന്നത്. പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ മുന്‍ രാജ പ്രതിനിധി പ്രദീപ് കുമാര്‍ വര്‍മയുടെ മകള്‍ പൂജ വര്‍മ - ശൈലേന്ദ്ര വര്‍മ ദമ്പതികളുടെ മകനാണ് കശ്യപ് വര്‍മ. ശബരിമല മേല്‍ശാന്തിയുടെ നറുക്കാണ് കശ്യപ് വര്‍മ എടുക്കുക. നെതര്‍ലന്‍ഡ്സിലെ ഡിജിറ്റാലിസ് സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.
പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തിലെ മുന്‍ രാജ പ്രതിനിധി രാഘവവര്‍മയുടെ മകള്‍ ശ്രുതി ആര്. വര്‍മ - ചാഴൂര്‍ കോവിലകത്തെ സി.കെ. കേരളവര്‍മ ദമ്പതികളുടെ മകളാണ് മൈഥിലി കെ. വര്‍മ. മാളികപ്പുറം മേല്‍ശാന്തിയെ മൈഥിലി ബംഗളൂരു സംഹിത അക്കാദമി സ്കൂളില്‍ നാലാം ക്ലാസ് വിദ്യര്‍ഥിനിയാണ്.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഇന്ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുമ്പില്‍ കെട്ടു നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം കൊട്ടാരം നിര്‍വാഹകസംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം കുട്ടികള്‍ ശബരിമല സന്നിധാനത്തേക്ക് യാത്ര തിരിക്കും.