മേരാ യുവഭാരത് പദയാത്രകൾ 31 മുതൽ
1600242
Friday, October 17, 2025 3:54 AM IST
പത്തനംതിട്ട: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരത് രാജ്യമെമ്പാടും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
31 മുതല്‍ നവംബര്‍ 16വരെ എല്ലാ ജില്ലകളിലും പദയാത്രകൾ, യൂണിറ്റി മാര്‍ച്ച് എന്നിവ സംഘടിപ്പിക്കും. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലും 31ന് മാര്‍ച്ചും അനുബന്ധ പരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി സര്‍ദാർ@150 ഏകതാ പദയാത്രയുടെ ഡിജിറ്റല്‍ ഘട്ടം സോഷ്യല്‍ മീഡിയ റീല്‍ മത്സരങ്ങൾ, ഉപന്യാസ രചന, സര്‍ദാർ@150 യംഗ് ലീഡേഴ്സ് പ്രോഗ്രാം ക്വിസ് എന്നിവ സംഘടിപ്പിക്കും. രജിസ്ട്രേഷന്റെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ മൈ ഭാരത് പോര്‍ട്ടല്‍ https://mybharat.gov.in/pages/unity_march ലഭ്യമാണ്. ദേശീയതല പദയാത്ര ഭരണഘടനാദിനമായ നവംബര്‍ 26ന് ആരംഭിച്ച് ഡിസംബര്‍ ആറിനു സമാപിക്കും.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മസ്ഥലമായ കരംസാദില്‍ നിന്ന് ആരംഭിച്ച് കെവാഡിയയിലെ ഏകതാ പ്രതിമയില്‍ അവസാനിക്കുന്ന ഈ ചരിത്ര പദയാത്രയ്ക്ക് 152 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കേന്ദ്രമന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ പദയാത്രയില്‍ അണിചേരും.
ദേശീയ പദയാത്രയില്‍ ഓരോ ജില്ലയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ യൂത്ത് ഓഫീസര്‍ പി.സന്ദീപ് കൃഷ്ണൻ, എന്‍.നവ്യാവിജയന്, ആതിരാ സാറാമാത്യു എന്നിവര്‍ പങ്കെടുത്തു.