പുതിയ കോഴ്സുകൾ വഴി തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം: മന്ത്രി വാസവൻ
1599826
Wednesday, October 15, 2025 3:36 AM IST
മാക് ഫാസ്റ്റ് ഉദാത്ത മാതൃകാ കലാലയം
തിരുവല്ല: കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാൻ കലാലയങ്ങൾ നൽകുന്ന സംഭാവനകൾ വലുതാണെന്ന് മന്ത്രി വി.എൻ. വാസവൻ. തിരുവല്ല മാർ അത്താനാസിയോസ് കോളജ് ഫോർ അഡ്വാൻസ് സ്റ്റഡീസിന്റെ (മാക്ഫാസ്റ്റ്) രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുരു-ശിഷ്യബന്ധം സൂക്ഷിക്കുന്ന ഉദാത്തമായ മാതൃകാ കലാലയമാണ് മാക് ഫാസ്റ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കാത്തുസൂക്ഷിച്ച്, സമയബന്ധിതമായി മുന്നോട്ടു പോകുന്പോഴാണ് ഒരു കലാലയം എല്ലാ അർഥത്തിലും ശോഭിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപകരും വിദ്യാർഥികളും മാനേജ്മെന്റും കൂടിച്ചേരുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങളുംകൂടി സഹകരിച്ചെങ്കിൽ മാത്രമേ കലാലയം പൂർണതയിലെത്തൂ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച കാഴ്ചപ്പാടുകളോടെയാണ് സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. വൈവിധ്യങ്ങളായ പുതിയ കോഴ്സുകൾ ആരംഭിക്കും. ഇതോടെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുതിയ പടവുകളിലേക്ക്
മാക് ഫാസ്റ്റ് അസാധാരണമായ ഒരു നിശ്ചയദാർഢ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. കാലത്തിന് അപ്പുറത്തേക്ക് ദൃഷ്ടി പായിച്ച വ്യക്തിത്വങ്ങളുടെ സംഭാവനയാണ് ഈ കലാലയം. കോളജിന് സ്വയംഭരണ പദവി ലഭ്യമായതോടെ ഒരു പുതിയ ഭാവത്തിലേക്കും രൂപത്തിലേക്കുമുള്ള അടുത്ത പടവുകളിലേക്കു പ്രവേശിക്കാൻ കഴിയുമെന്നും ബാവ പറഞ്ഞു.
എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മുൻ മന്ത്രി രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, എംജി സർവകലാശാലാ സിൻഡിക്കറ്റ് അംഗം റെജി സക്കറിയ,
സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. രാജൻ വർഗീസ്, നഗരസഭാ കൗൺസിലർ ഫിലിപ്പ് ജോർജ്, മാക്ഫാസ്റ്റ് പ്രിൻസിപ്പൽ ഡോ. ചെറിയാൻ കെ. വർഗീസ്, മാനേജർ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.