കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാംസ്കാരിക മ്യൂസിയം നിര്‍മിക്കും: മന്ത്രി ഗണേഷ്കുമാര്
1600096
Thursday, October 16, 2025 3:52 AM IST
തിരുവല്ല: തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവല്ല ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തിരുവല്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ചിത്രമായിരിക്കും മ്യൂസിയം.
കെഎസ്ആര്‍ടിസി ഡിപ്പോയുടെ എട്ടാം നിലയില്‍ സാംസ്കാരിക നിലയവും തിയറ്ററും നിര്‍മിക്കും. ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
എം.ജി സോമന് ഫൗണ്ടേഷന് വഴി സംവിധായകന് ബ്ലെസി സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍,
കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. എസ്. പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി
വകുപ്പിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങള്‍ സ്പെഷല്‍ സെക്രട്ടറി പി.ബി. നൂഹ് അവതരിപ്പിച്ചു. 2025 ഓഗസ്റ്റ് എട്ടിലെ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സര്‍വകാല റെക്കോഡാണിത്. നിലവില്‍ ഒരു ബസില്‍ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി.
ചലോ ആപ്പ്, ട്രാവല്‍ കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കൺസഷന് അവതരിപ്പിച്ചു. ജിപിഎസ് അധിഷ്ഠിത വാഹന ട്രാക്കിംഗ്, വിദ്യാവാഹന്‍ ആപ്, സിവിക് ഐ, ലീഡ്സ് ആപ്, വിര്‍ച്വല്‍ പിആര്‍ഒ തുടങ്ങിയവയിലൂടെ വകുപ്പ് ജനമനസില്‍ ഇടം നേടിയതായും സ്പെഷല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിൽ
റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പാനല്‍ ചര്‍ച്ചകളുടെ സമാഹരണം തിരുവല്ല ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബ്ബിന്റെ സാധ്യത പരിശോധിക്കും. നിലവില്‍ എറണാകുളം വൈറ്റില ഹബ്ബില്‍ കാര്യക്ഷമമായി ഇത് പ്രവര്‍ത്തിക്കുന്നു. ദേശീയ പാതയോരങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ കണ്ടെയ്നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കും.
എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഡിന്റെ വശങ്ങളിലെ നടപ്പാതകളില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നട യാത്രികര്‍ക്കും പരിഗണനയുണ്ട്.
മൾട്ടി ലെവൽ പാർക്കിംഗ് ആവശ്യം
മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയം സംബന്ധിച്ച ആവശ്യം ചർച്ചയിൽ ഉയർന്നു. സ്ഥലപരിമിതി മൂലം ലിഫ്റ്റ് വഴി വാഹനങ്ങളെ ഉയര്‍ത്തി പാര്‍ക്കിംഗ് ഏര്‍പ്പാടാക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ട്രാവല്‍ പ്ലാന്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ മെച്ചപ്പെടുത്തും. ആവശ്യക്കാര്‍ ഏറെയുള്ള ഓണം പോലുള്ള ആഘോഷ വേളയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കും.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സൗരോര്‍ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്വന്തം കെട്ടിടത്തിന്റെ മുകളിലും സ്ഥാപിക്കും.കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നു. വിദഗ്ധ പരിശീലനം ഇവര്‍ക്ക് ആവശ്യമാണ്. മലിനീകരണം തടയാന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
കെഎസ്ആര്‍ടിസി നടപ്പാക്കിയ ചലോ ആപ്പ്, ട്രാവല്‍ കാര്‍ഡ് പദ്ധതി തുടങ്ങിയവ ജലഗതാഗത മേലിലും വ്യാപിപ്പിക്കും. തീര്‍ത്ഥാടന ടൂറിസം പദ്ധതി ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കും. സംസ്ഥാനത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.