പമ്പാനദീ സംരക്ഷണത്തിന് നിർദേശങ്ങളുമായി വൈചാരിക സദസ്
1479954
Monday, November 18, 2024 4:56 AM IST
പത്തനംതിട്ട: പമ്പാ നദിയെ വീണ്ടെടുക്കാൻ വൈചാരിക സദസ് സംഘടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ സമിതി. "ഈ മനോഹര തീരത്ത്’ എന്ന പേരിൽ സംഘടിപ്പിച്ച വൈചാരിക സദസ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പമ്പാ നദിയെ സംരക്ഷിക്കാൻ വിശദമായ ആക്ഷൻ പ്ലാൻ വേണമെന്നു പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ സദസിൽ നിർദേശിച്ചു.
അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി. കുമാർ പങ്കെടുത്തു. പമ്പപോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് അപകടകരമാണെന്നു വൈചാരിക സദസ് വിലയിരുത്തി. പമ്പ പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകനായ എസ്.ഡി. വേണുകുമാർ മോഡറേറ്ററായിരുന്നു. സജിത് പരമേശ്വരൻ "പമ്പ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയാവതരണം നടത്തി. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എസ്. സുനിൽ, ബിജു ഉമ്മൻ, അൻസിൽ സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.