എൻസിഎസ് നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്
1479712
Sunday, November 17, 2024 4:30 AM IST
പത്തനംതിട്ട: തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യത്തിനായി പണം നിക്ഷേപിച്ചവരാണ് ഏറെപ്പേരും. ധനകാര്യസ്ഥാപന ഉടമകളായ നെടുംപറമ്പിൽ രാജുവും കുടുംബവും ജയിൽ വാസത്തിനുശേഷം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
രാജുവിനും കുടുംബത്തിനും എതിരേയുള്ള ശിക്ഷാനടപടികളിൽ വന്ന പിഴവുകളും പാളിച്ചകളും കാരണമാണ് ഇവർ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. കേസുകളിൽ കുറ്റപത്രം നൽകാനോ എഫ്ഐആറുകൾ കൃത്യമായി ഇടാനോ തയാറാകുന്നില്ല.
പ്രത്യക്ഷ സമരപരിപാടികൾക്ക് നിക്ഷേപകർ തയാറെടുക്കുകയാണ്. രാജ്യത്തു നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് സ്ഥാപനം പ്രവർത്തിച്ചത്. നൂറുകണക്കിനാളുകളുടെ സമ്പാദ്യം തട്ടിയെടുത്ത കുടുംബത്തെ ഭരണകൂടം സംരക്ഷിക്കുകയാണിപ്പോൾ.
തട്ടിപ്പുകാർ ജയിലിൽ പോയിട്ടും സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിനു നിയമപാലകർ എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ശിക്ഷയിൽനിന്ന് ഇളവ് നേടിയത്.
സംസ്ഥാനത്തെ നിരവധി ബ്രാഞ്ചുകളിലൂടെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനം കോടികളാണ് തട്ടിയെടുത്തത്. നിക്ഷേപകരിൽപലരെയും ഇത് ആത്മഹത്യയുടെ വക്കിൽവരെ എത്തിച്ചു. സർക്കാർഅടിയന്തരമായി ഇടപെടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.
നിക്ഷേപകരായ ഷാജൻ ജോർജ്, ജോസഫ് കുര്യാക്കോസ്, ജയിംസ് മാത്യു, ശ്രീലത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.