ശബരിമല : കെഎസ്ആര്‍ടിസി ആദ്യഘട്ടത്തില്‍ 383 ബസുകള്‍ സർവീസ് നടത്തും
1479941
Monday, November 18, 2024 4:48 AM IST
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും>
ശബരിമല: അയ്യപ്പഭക്തര്‍ക്ക് യാത്രാതടസമുണ്ടാകാത്ത രീതിയില്‍ സര്‍വീസ് ക്രമീകരിച്ച് കെഎസ്ആര്‍ടിസി ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കും. 192 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത്.
ലോ ഫ്ളോര്‍ എസി, ലോ ഫ്ളോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകള്‍ നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സര്‍വീസ് നടത്തി.വലിയ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസി ബസുകളിലാണ് പമ്പയിലെത്തുന്നത്.
നിലയ്ക്കലിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് വിവിധ പാര്‍ക്കിംഗ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കരികിലേക്ക് തീര്‍ഥാടകര്‍ക്ക് എത്തുന്നതിന് ഇത് ഏറെ പ്രയോജനപ്പെടും.
ഒരു ബസിന് നാല് ജീവനക്കാര്‍
പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെഎസ്ആര്‍ടിസി നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്പയില്‍തന്നെയുണ്ട്. ജീവനക്കാര്‍ക്കു വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
നട തുറന്ന് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറിനടുത്ത് ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്പെഷല്‍ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുത
പമ്പയില്‍നിന്നു വിവിധ സ്ഥലങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കുന്നതാണ്.
ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസില്‍ സീറ്റ് ക്രമീകരിച്ച് നല്‍കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ ക്രമീകരിച്ച് നല്കുമ്പോള് ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ ഐഡി കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.
സുഗമമായ ദര്‍ശനത്തിന് കൂടുതല്‍ നടപടികള്‍: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: ശബരിമല തീര്‍ഥാടകരുടെ സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്നെടുത്ത പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം ഏറെ വിജയകരമായതായി ദേവസം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
അയ്യപ്പഭക്തര്‍ക്ക് ഉള്ള സംതൃപ്തി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ്. ശ്രീജിത്തുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
പതിനെട്ടാം പടിയില്‍ പോലീസിന്റെ ഡ്യൂട്ടി സമയം 20 മിനിറ്റില്‍നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. മിനിറ്റില്‍ 80 പേരെ എങ്കിലും കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ കഴിയുന്നു. അതിനാല്‍ ഭക്തര്‍ക്ക് ഏറെനേരം വരി നില്‍ക്കേണ്ട അവസ്ഥയില്ല. വെര്‍ച്വല്‍ ക്യൂവഴി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താന്‍ കഴിയുന്നുണ്ട്.
പടിപൂജയ്ക്ക് വേണ്ടി പതിനെട്ടാം പടിക്ക് ഏറെ മുകളിലായി ഹൈഡ്രോളിക് സംവിധാനം ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്ത്രിമാരുമായി ആലോചിച്ചതിനുശേഷമാണ് ഇത് സ്ഥാപിച്ചത്. ഇതോടൊപ്പം പതിനെട്ടാം പടിയില്‍ സുരക്ഷിതമായും കാര്യക്ഷമമായും പോലീസിന് ജോലി ചെയ്യുന്നതിന് പതിനെട്ടാം പടിയെ ബാധിക്കാത്തവിധം സംവിധാനം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ അനുഭവത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലയ്ക്കലിലെ പാര്‍ക്കിംഗ് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനായി. 7500 - 8000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ടായിരുന്നത് പതിനായിരത്തിനടുത്ത് എത്തിക്കാനായി.
കോടതിയില്‍നിന്ന് ലഭിച്ച പ്രത്യേക അനുമതിയും സഹായകരമായതായി പി. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഫാസ്ടാഗ് സംവിധാനം വിജയമായതിനാല്‍ ഇത്തവണയും തുടരും.
തീര്‍ഥാടനകാലം തുടങ്ങിയശേഷം ശ്രദ്ധയില്‍പ്പെട്ട ജ്യോതി നഗര്‍, നടപ്പന്തല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്നം പരിഹരിച്ചു. പ്രത്യേകം കിയോസ്കുകള്‍ ഒരുക്കിയാണ് നടപ്പന്തല്‍, ബാരിക്കേഡ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നത്.
കരുതല്‍ശേഖരമായി പ്രസാദം
ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് യഥാസമയം പ്രസാദങ്ങൾ ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഒക്ടോബറില്‍തന്നെ നടപടികള്‍ തുടങ്ങിയിരുന്നതായി ദേവസം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞദിവസം വരെ 40,00,129 അരവണ കരുതല്‍ ശേഖരമായുണ്ട്. ഒന്നര ലക്ഷം അപ്പം പായ്ക്കറ്റുകളുടെ നിര്‍മാണവും നടന്നുവരുന്നു.
പമ്പയിലെ പന്തലില്‍ മൂവായിരം പേര്‍ക്കും നിലയ്ക്കലില്‍ രണ്ടായിരം പേര്‍ക്കും വിരി വയ്ക്കാനുള്ള സംവിധാനമാണുള്ളത്.